പാലക്കാട്: കഥകളിയില്‍ നടനവിസ്മയങ്ങള്‍ രചിച്ച പദ്മഭൂഷണ്‍ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ അന്തരിച്ചു. പാലക്കാടി വെള്ളിനേഴിയിലെ വീട്ടിലായിരുന്നു അന്ത്യം. 1925ല്‍ വെള്ളിനേഴിക്കടുത്ത് കുറുവട്ടൂരിലാണ് കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ജനിച്ചത്. ഹനുമാനായും പരശുരാമനായും രാവണനായും ലോകമെമ്പാടും അരങ്ങുകളില്‍ നിറഞ്ഞാടി കഥകളി ആരാധകരെ തന്നിലേക്ക് ആവാഹിക്കുവാനുള്ള അസാമാന്യശേഷിയുണ്ടായിരുന്നു അദ്ദേഹത്തിന്.
പട്ടിക്കാന്തൊടി രാമുണ്ണീ മേനോനായിരുന്നു കഥകളിയില്‍ അദ്ദേഹത്തിന്‍റെ ഗുരു. കലാമണ്ഡലത്തില്‍ അഭ്യാസം പൂര്‍ത്തിയാക്കിയതിന്റെ അടുത്ത ദിവസം തന്നെ മഹാകവി വള്ളത്തോള്‍ അദ്ദേഹത്തെ അവിടെ അദ്ധ്യാപകനായി നിയമിച്ചു. ഉറച്ച താളബോധം കൊണ്ടും ചൊല്ലിയാട്ട ഭംഗി കൊണ്ടും വേഷം ഫലിപ്പിക്കാന്‍ പ്രത്യേക കഴിവായിരുന്ന കലാകാരനായിരുന്നു അദ്ദേഹം. സദനം കഥകളി അക്കാദമി ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരനോട്ടം എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രം അടിസ്ഥാനമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ കഥകളി എന്ന പേരില്‍ ഡോക്യുമെന്ററി നിര്‍മിച്ചിരുന്നു. ഇത് പിന്നീടു സിനിമയായി.
കേന്ദ്ര- കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി ആംഗീകാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. സുപ്രസിദ്ധ കഥകളി കലാകാരനായ കലാമണ്ഡലം ഗോപിയുള്‍പ്പടെ ഒട്ടേറെ പ്രഗല്‍ഭര്‍ അദേഹത്തിന്റെ ശിഷ്യരാണ്.













Discussion about this post