ന്യൂഡല്‍ഹി: കടല്‍കൊലകേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക് തിരികെ വരില്ലെന്ന് ഇറ്റലി അറിയിച്ചു. ഇറ്റാലിയന്‍ തെരഞ്ഞെടുപ്പില്‍ സുപ്രീംകോടതി അനുമതിയോടെ വോട്ട് ചെയ്യാന്‍ പോയ നാവികര്‍ ഇനി തിരിച്ചെത്തില്ലെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജൂലിയോ തര്‍സി ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍ ഇറ്റലിയിലേക്ക് പോകുന്ന നാവികരെ വിചാരണ നേരിടുന്നതിനായി തിരികെ എത്തിക്കുന്നതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇറ്റാലിയന്‍ അംബാസിഡര്‍ക്കായിരിക്കുമെന്ന് സുപ്രീംകോടതി ജാമ്യം അനുമതിക്കുന്ന സമയത്ത് വ്യക്തമാക്കിയിരുന്നു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചാണ് സുപ്രീംകോടതി നാവികരായ മാര്‍സിമിലോനോ, സാല്‍വത്തോറെ ഗിറോണ്‍ എന്നിവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ അനുമതി നല്‍കിയത്.
നീണ്ടകരയില്‍ മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊന്ന കേസിലാണ് എന്റിക്ക ലെക്സി എന്ന ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ ഇന്ത്യയില്‍ വിചാരണ നേരിട്ടു കൊണ്ടിരുന്നത്. നേരത്തെ നാവികര്‍ ക്രിസ്മതസ് ആഘോഷിക്കുന്നതിന് നാട്ടില്‍ പോയിരുന്നെങ്കിലും അനുവദിച്ച സമയപരിധിക്കുള്ളില്‍ തിരികെ എത്തിയിരുന്നു. നേരത്തെ കടല്‍ വെടിവെപ്പ് കേസ് അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ ആണെന്നും അതിനാല്‍ കേരളത്തിന് കേസില്‍ ഇടപെടാനും വിചാരണ നടത്താനും അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മാരിടൈം നിയമപ്രകാരം പ്രത്യേക കോടതിയിലാണ് ഇവരുടെ വിചാരണ തുടരേണ്ടതെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതുകൂടാതെ കോടതി നിര്‍ദ്ദേശ പ്രകാരം നാവികരെ കേരളത്തില്‍ നിന്നും ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
Discussion about this post