ശ്രീനഗര്‍: ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാരും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. ബെമിനയിലെ സിആര്‍പിഎഫ് ക്യാമ്പിന് സമീപമുള്ള ഒരു പബ്ളിക് സ്കൂള്‍ പരിസരത്തായിരുന്നു ആക്രമണം. സിആര്‍പിഎഫ് ജവാന്‍മാരുടെ വേഷത്തിലെത്തിയ രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത്. സ്കൂള്‍ പരിസരത്തേക്ക് കടന്ന ഭീകരരെ സുരക്ഷാ ഗേറ്റില്‍ കാവല്‍ നിന്നിരുന്ന സിആര്‍പിഎഫ് ജവാന്‍മാര്‍ ചോദ്യം ചെയ്തതോടെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 11 മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് ബന്ദ് പ്രഖ്യാപിച്ചതിനാല്‍ സ്കൂള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ചില ക്ളാസുകളില്‍ അധ്യയനം നടന്നിരുന്നു. ഒരു വിഭാഗം കുട്ടികള്‍ സ്കൂളിന്റെ ഗ്രൌണ്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് ഭീകരര്‍ എത്തിയത്.
സിആര്‍പിഎഫ് ജവാന്‍മാര്‍ തടഞ്ഞതിനാല്‍ കുട്ടികള്‍ അക്രമികളുടെ തോക്കിന്‍മുനയില്‍ നിന്ന് രക്ഷപെടുകയായിരുന്നു. ബന്ദ് പ്രഖ്യാപിച്ചിട്ടും സ്കൂള്‍ തുറന്നതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ഭീകരരുടെ സംഘത്തില്‍ രണ്ടിലധികം ആളുകളുണ്ടായിരുന്നതായി ആദ്യം സംശയമുണ്ടായിരുന്നെങ്കിലും രണ്ടു പേര്‍ മാത്രമേയുള്ളൂവെന്ന് സിആര്‍പിഎഫ് പിന്നീട് സ്ഥിരീകരിച്ചു. 10 മിനിറ്റിനുള്ളില്‍ തന്നെ ഭീകരരെ വധിച്ചതായി സിആര്‍പിഎഫ് കേന്ദ്രങ്ങള്‍ അറിയിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കാശ്മീരില്‍ ഇത്തരത്തിലുള്ള ഭീകരാക്രമണം നടക്കുന്നത്. എട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. കൊല്ലപ്പെട്ട ജവാന്‍മാരുടെ പേരുവിവരങ്ങളോ മറ്റ് വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല. സംഭവത്തെ തുടര്‍ന്ന് കാശ്മീരില്‍ സുരക്ഷ മെച്ചപ്പെടുത്തി.
Discussion about this post