ന്യുഡല്‍ഹി: പെട്രോള്‍ ഡീസല്‍ നിരക്കുകളില്‍ മാറ്റം വരാന്‍ സാധ്യത. പെട്രോളിന് ഒരു രൂപ കുറയുമ്പോള്‍ ഡീസലിന് 40 മുതല്‍ 50 പൈസ വരെ കൂടാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതിനാലാണ് പെട്രോള്‍ വില കുറയ്ക്കുന്നത്. അതേസമയം മാസം തോറും ഡീസല്‍ വിലയില്‍ ചെറിയ വര്‍ധനവ് വരുത്തണമെന്ന മുന്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡീസല്‍ വിലയില്‍ വര്‍ധന വരുത്തുന്നത്. ഡീസലിന് പ്രാബല്യത്തിലുള്ള 11 രൂപ സബ്‌സിഡി കാലക്രമേണ ഒഴിവാക്കുന്നതിനാണ് മാസം തോറും ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്.
ഇന്ധന വിലയിലെ പുനക്രമീകരണം വെള്ളിയാഴ്ച്ച പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. നേരത്തേ പെട്രോളിന് രണ്ടു തവണ വില വര്‍ധനവ് വരുത്തിയിരുന്നു. ആദ്യം 1.50 പൈസയും രണ്ടാമത് 1.40 പൈസയുമായിരുന്നു വില വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ നിലവില്‍ പെട്രോളിന് 70.74 പൈസയാണ് ലിറ്ററിന് വില.
ഏറ്റവും ഒടുവിലത്തെ ഇന്ധന വില വര്‍ധനവിന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 131 ഡോളറില്‍ നിന്ന് 120 ഡോളറായി കുറഞ്ഞിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെടുകയും ചെയ്തിരുന്നു.
Discussion about this post