തിരുവനന്തപുരം: നീതി ലഭിക്കണമെങ്കില്‍ ഉപഭോക്താക്കള്‍ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലോക ഉപഭോക്തൃ അവകാശദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് കൃത്യമായ അളവില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ ചൂഷണം ചെയ്യപ്പെടാതിരിക്കുന്നതിനുള്ള ബോധവത്ക്കരണ പരിപാടികള്‍ ആവിഷ്കരിക്കുമെന്ന് റവന്യൂ-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഏത് ഉത്പന്നത്തിന്റെയും ഉള്ളടക്കം അറിയാനുള്ള അവകാശം ഉപഭോക്താക്കള്‍ക്കുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് നിശ്ചിത വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് സംസ്ഥാനത്ത് താലൂക്ക് ആശുപത്രികളിലും മറ്റുമായി 16 മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സംസ്ഥാനത്ത് മാവേലി ഹോട്ടലുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തുകള്‍ മാവേലി ഹോട്ടലുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോട്ടലുകളിലും കടകളിലുമുള്ള ഭക്ഷണസാധനങ്ങളുടെ അനിയന്ത്രിതമായ വില ഏകീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ കെ.മുരളീധരന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായര്‍, ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷ്, വാര്‍ഡ് കൌണ്‍സിലര്‍ മേരി പുഷ്പം, സംസ്ഥാന ഉപഭോക്തൃ തര്‍ക്ക-പരിഹാര കമ്മീഷന്‍ അഡ്വ.എ.രാധ, ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോളര്‍ പി.ബാബുരാജ്, ഡപ്യൂട്ടി കണ്‍ട്രോളര്‍ കെ.വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post