കൊച്ചി: കെഎസ്ആര്‍ടിസിയുടെ ഡീസല്‍ സബ്സിഡി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേര്‍പ്പറേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. തമിഴ്നാട് ബസ് കോര്‍പ്പറേഷന്‍ ഡീസല്‍ സബ്സിഡി വിഷയത്തില്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടിയ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയും കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് സബ്സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ പകര്‍പ്പും കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജി ചൊവ്വാഴ്ച പരിഗണിച്ചേക്കും.
കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം അനുദിനം മോശമായ സാഹചര്യത്തിലാണ് ഡീസല്‍ സബ്സിഡിക്കായി കോടതിയെ സമീപിച്ചത്. വന്‍കിട ഉപഭോക്താക്കള്‍ക്ക് ഡീസല്‍ സബ്സിഡി ഒഴിവാക്കിയതോടെ ലിറ്ററിന് 13 രൂപ അധികം നല്‍കേണ്ട സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി. കോടികളുടെ നഷ്ടം നേരിടുന്ന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ഇതോടെ താറുമാറായിരിക്കുകയാണ്. സബ്സിഡി നഷ്ടമായതോടെ ആറ് കോടിയോളം രൂപ അധിമായി മാസം തോറും കണ്ടെത്തേണ്ട സ്ഥിതിയിലാണ് കോര്‍പ്പറേഷന്‍. കോര്‍പ്പറേഷന്റെ എല്ലാ ബുദ്ധിമുട്ടുകളും കോടതിയെ ബോധിപ്പിച്ച പൊതുമേഖല സ്ഥാപനമെന്ന നിലയില്‍ അനുകൂല വിധി നേടിയെടുക്കാനാണ് കെഎസ്ആര്‍ടിസിയുടെ ശ്രമം.
Discussion about this post