ന്യൂഡല്‍ഹി: സാഹിത്യത്തിനുള്ള രാജ്യത്തെ ഉന്നത ബഹുമതിയായ സരസ്വതിസമ്മാന്‍ പുരസ്കാരത്തിന് സുഗതകുമാരിയെ തെരഞ്ഞെടുത്തു. മണലെഴുത്ത് എന്ന കവിതാ സമാഹാരത്തിന് പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം അമ്മയ്ക്ക് സമര്‍പ്പിക്കുന്നതായി സുഗതകുമാരി പറഞ്ഞു. ഏഴരലക്ഷം രൂപയാണ് പുരസ്കാര തുക. കെ.കെ ബിര്‍ള ഫൌണ്ടേഷനാണ് പുരസ്കാരം നല്‍കുന്നത്. മലയാളത്തിന് ലഭിച്ച അംഗീകാരമാണിതെന്ന് സുഗതമകുമാരി പറഞ്ഞു.
1961-ല്‍ ആദ്യ കവിത മുത്തുച്ചിപ്പി പുറത്തിറക്കി. 67-ല്‍ പാതിരാപ്പൂക്കള്‍ എന്ന കവിതാസമാഹാരത്തിന് സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ചു. രാത്രിമഴയ്ക്ക് 77-ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരവും ലഭിച്ചു. 81-ല്‍ പുറത്തിറങ്ങിയ അമ്പലമണികള്‍ക്ക് വയലാര്‍ അവാര്‍ഡും ആശാന്‍ പുരസ്കാരവും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു. ദേവദാസി, കുറിഞ്ഞിപ്പൂക്കള്‍, കൃഷ്ണകവിതകള്‍, വാഴത്തേന്‍ മലമുകളിലിരിക്കെ, തുലാവര്‍ഷപ്പച്ച തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരം, ബാലാമണിയമ്മ പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്കാരം എന്നിവ സുഗതകുമാരിയെ തേടിയെത്തി. 2006-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
Discussion about this post