
കോഴിക്കോട്: അഴിമതിരഹിതവും സംശുദ്ധവുമായ ക്ഷേത്രഭരണത്തെ മുന്‍നിര്‍ത്തി ക്ഷേത്ര സംരക്ഷണസമിതിയുടെയും മറ്റ് സമാനസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ക്ഷേത്രങ്ങളുടെ കൂട്ടായ്മയായി ഒരു സമാന്തര ദേവസ്വം ബോര്‍ഡ് രൂപീകരിക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണസമിതി 44- ാം സംസ്ഥാനസമ്മേളനത്തില്‍ പി. മാധവ്ജി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുദ്ധവും ശാസ്ത്രീയവുമായ ആചാരാനുഷ്ഠാനങ്ങളില്‍ കൂടി ക്ഷേത്രങ്ങളുടെ ചൈതന്യം ഉണര്‍ത്താനും വളര്‍ത്തുവാനും തക്കതായ ഭക്തജനസമൂഹം ഓരോ ക്ഷേത്രത്തിനുചുറ്റും ഉണ്ടാവണം. ഹിന്ദുസമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും തന്ത്രവിദ്യ അഭ്യസിക്കാന്‍ അവസരം നല്‍കുക വഴി തന്ത്രവിദ്യാപീഠവും ക്ഷേത്രസംരക്ഷണസമിതിയും സാമൂഹ്യനവോത്ഥാനം സാധ്യമാക്കാനുള്ള മാധവ്ജിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. ആചാരങ്ങളെ യുഗാനുകൂലമായി ആവിഷ്കരിക്കാന്‍ കഴിയുന്നതാണ് നമ്മുടെ സവിശേഷതയെന്നും പരമേശ്വരന്‍ പറഞ്ഞു.
സ്വാമിവിവേകാനന്ദന്‍, ശ്രീനാരായണഗുരു തുടങ്ങിയ നവോത്ഥാന നായകന്മാര്‍ മുന്നോട്ടു വച്ച ശാശ്വതമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ സമാജത്തിന്റെ സമഗ്രമായ പുന:സൃഷ്ടിയാണ് ക്ഷേത്രസംരക്ഷണസമിതിയുടെ പരമലക്ഷ്യമായി മാധവ്ജി വിഭാവനം ചെയ്തത്. ദൈവഭക്തിയും ദേശഭക്തിയും പരസ്പരപൂരകങ്ങളായിട്ടാണ് അദ്ദേഹം കണ്ടത്. ഭാരതവര്‍ഷത്തെ പവിത്രമായ ഒരു മഹാക്ഷേത്രമായി അദ്ദേഹം ദര്‍ശിക്കുകയും വിവരിക്കുകയുംചെയ്തു. മോക്ഷപ്രാപ്തിക്കുള്ള ആത്മീയ കേന്ദ്രങ്ങളായി മാത്രമല്ല ആധ്യാത്മിക പുരോഗതിയോടൊപ്പം ഭൗതികസമൃദ്ധിയും കൈവരിക്കുവാനുള്ള പ്രചോദനത്തിന്റെ കേന്ദ്രബിന്ദുവായി കണ്ടുകൊണ്ടാണ് ജീര്‍ണ്ണിച്ചുകിടന്ന ക്ഷേത്രങ്ങളെ പുനരുദ്ധരിക്കുവാന്‍ കേളപ്പജിയുടെ നേതൃത്വത്തില്‍ തുടങ്ങി വച്ച കേരള ക്ഷേത്ര സംരക്ഷണസമിതിക്ക് മാധവ്ജി കര്‍മ്മപദ്ധതി ആവിഷ്ക്കരിച്ചത്.
ഹിന്ദുധര്‍മ്മത്തിന്റെ അടിസ്ഥാനതത്ത്വങ്ങളെ ആധുനികയുഗത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് പുനര്‍വായിക്കാനും യുഗാനുകൂലമായിപ്രവര്‍ത്തനത്തില്‍വരുത്താനും ക്ഷേത്രസംരക്ഷണ സമിതിക്ക് കഴിയണം. അതുവഴി ഹിന്ദുജാഗരണവും ഹിന്ദുത്വാഭിമാനവും വളര്‍ത്തുവാനും ഏകീകൃതവും സുശക്തവുമായ ഹിന്ദു സമൂഹം നിലവില്‍വരാനും ശാസ്ത്രത്തെയും ആധ്യാത്മികതയെയും ആത്മീയ പുരോഗതിയെയും ഭൗതിക സമൃദ്ധിയെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ദേശീയ നവോത്ഥാനം കൈവരിക്കുവാനും ക്ഷേത്ര സംരക്ഷണസമിതിയുടെ പ്രവര്‍ത്തനം കൊണ്ട് സാധ്യമാകണം ആഗോളീകരണത്തിന്റെയും ഉപഭോഗവാദത്തിന്റെയും ചുഴിയില്‍പെട്ട് ദിശാബോധം നഷ്ടപ്പെട്ട ലോകത്തിന് മുഴുവന്‍ മാര്‍ഗദര്‍ശനം നല്‍കാന്‍ ഭാരതത്തെ പ്രാപ്തമാക്കാനും ഇത്തരം പ്രവര്‍ത്തനം കൊണ്ട് സാധിക്കണം. ഇത്തരം ശാശ്വതവും കാലികവുമായ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചകളും സെമിനാറുകളും വഴി പ്രായോഗികപദ്ധതികള്‍ ആവിഷ്കരിക്കാന്‍ ക്ഷേത്രസംരക്ഷണസമിതി മുന്‍കൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post