തിരുവനന്തപുരം: സരസ്വതി സമ്മാനത്തിന് സുഗതകുമാരി ടീച്ചറെ തെരഞ്ഞെടുത്തത് മലയാള ഭാഷയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാവിലെ നിയമസഭാ ചേമ്പറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രി കെ.സി. ജോസഫും ടീച്ചറെ പൂച്ചെണ്ട് നല്‍കി ആദരിച്ചു.
എം.എല്‍.എ.മാരായ സി.പി. മുഹമ്മദ്, ബെന്നി ബഹനാന്‍, പി.സി. വിഷ്ണുനാഥ് എന്നിവരും സന്നിഹിതരായിരുന്നു. രാവിലെ ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി ടീച്ചര്‍, പിരപ്പന്‍കോട് മുരളി എന്നിവര്‍ നിയമസഭാ ചേമ്പറില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുകയും മലയാള ഭാഷ ഒന്നാം ഭാഷയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുന്നതില്‍ ഉണ്ടായിട്ടുള്ള അപാകതകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കാന്‍ 2006-ല്‍ തമിഴ്നാട് നടപ്പാക്കിയ നിയമത്തിന്റെ മാതൃകയില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ഒ.എന്‍.വി. ആവശ്യപ്പെട്ടു. മലയാളം ഒന്നാം ഭാഷയാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ നിയമസഭാ സമ്മേളനകാലത്തുതന്നെ എല്ലാ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
ഈ സാഹചര്യത്തില്‍ കെ.പി. രാമനുണ്ണി നടത്തിവരുന്ന ഉപവാസ സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഒന്നാം ഭാഷയെന്ന നിലയില്‍ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കുക, പി.എസ്.സി അംഗീകരിച്ച മലയാള പഠനം നിര്‍ബന്ധമാക്കിയ നടപടി നടപ്പിലാക്കുക, ഇതിനുവേണ്ടി നിയമനം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ചര്‍ച്ചയില്‍ പരിഗണിക്കും. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ മലയാളം പഠിച്ചിരിക്കണമെന്ന തീരുമാനം നടപ്പിലാക്കിയ മുഖ്യമന്ത്രിയെ ഒ.എന്‍.വി. കുറുപ്പും സുഗതകുമാരി ടീച്ചറും അനുമോദിക്കുകയും, കോടതി ഭാഷയും മലയാളം ആക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു.
Discussion about this post