തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിലേറെയായി ദുര്‍ഘടാവസ്ഥയിലായിരുന്ന വിതുര-പേപ്പാറ റോഡിന് ശാപമോക്ഷമാകുന്നു. വിതുര കെ.പി.എസ്.എം. ജങ്ഷനില്‍ വന്‍ജനാവലിയെ സാക്ഷിനിര്‍ത്തി നടന്ന ചടങ്ങില്‍ സ്ഥലം എം.എല്‍.എ. കൂടിയായ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
വിതുര-പേപ്പാറ റോഡ് നവീകരിച്ച് സഞ്ചാരയോഗ്യമാക്കുന്നതിന് വര്‍ഷങ്ങളായി പലതരത്തിലുളള തര്‍ക്കങ്ങളും തടസങ്ങളുമാണ് നേരിടേണ്ടിവന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. ഈ റോഡ് പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ സാധിച്ചതുകൊണ്ടാണ് നിര്‍മ്മാണപ്രവൃത്തികള്‍ ഇപ്പോള്‍ ആരംഭിക്കാനായത്. 9.50 കി.മീ. നീളത്തില്‍ ഉപരിതലം പുതുക്കി കലുങ്കുകള്‍ക്ക് വീതികൂട്ടി പാര്‍ശ്വഭിത്തികളും ഓഡകളും നിര്‍മ്മിച്ച് അത്യാധുനിക രീതിയില്‍ നവീകരിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 787 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ അറിയിച്ചു.
റോഡ് നവീകരണം പൂര്‍ത്തിയാകുന്നതോടെ പേപ്പാറ, പട്ടന്‍കുളിച്ചപാറ, പന്നിക്കുഴി, ഒറ്റക്കടി, വയലിപ്പുല്ല്, കരുപ്പാലം, തേവിയാര്‍കുന്ന്, പൊടിയക്കാല, ആദിവാസികോളനികളിലേയ്ക്കും തിരിച്ചും ഗതാഗതം സുഗമമാകുകയും കാര്‍ഷികോത്പന്നങ്ങളുടെ നീക്കവും വില്‍പ്പനയും കാര്യക്ഷമമാവുകയും ചെയ്യുമെന്നും സ്പീക്കര്‍ പറഞ്ഞു. കേരള സ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പണികള്‍ 12 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുളളതെന്നും അദ്ദേഹം അറിയിച്ചു. വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. എല്‍. ബീന, ജില്ലാ-ബ്ളോക്ക്-ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷിനേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post