കൊച്ചി: സൂര്യനെല്ലി കേസിലെ 34 പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. 50,000 രൂപ കോടതിയില്‍ കെട്ടിവെയ്ക്കണമെന്നും കേരളം വിടരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പാസ്പോര്‍ട്ടുകള്‍ കോടതിയില്‍ നല്‍കണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിക്കോ അവരുടെ കുടുംബത്തിനോ ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു പ്രവര്‍ത്തനങ്ങളും നടത്തരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ക്ക് കോട്ടയം കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നതും കോടതി താല്‍ക്കാലികമായി തടഞ്ഞു. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയ ശേഷം മാത്രമേ ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കാവൂ എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഈ ഘട്ടത്തില്‍ പ്രതികള്‍ കീഴടങ്ങണമെന്ന് നിര്‍ദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കോടതിയില്‍ പ്രതികള്‍ അപ്പീലുകള്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കേസിന്റെ നടപടികള്‍ക്കായി അവര്‍ കോടതിയില്‍ ഹാജരാകേണ്ടിവരുമെന്നും ജസ്റീസുമാരായ കെ.ടി ശങ്കരന്‍, എം.സി ജോസഫ് ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അടുത്ത മാസം 2 മുതലാണ് അപ്പീലില്‍ കോടതി വാദം കേള്‍ക്കാനിരിക്കുന്നത്.
Discussion about this post