തിരുവനന്തപുരം: ട്രാഫിക്ക് നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാവശ്യമായ പരിപാടികള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് മുന്‍തൂക്കം നല്‍കണമെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസ് ട്രെയിനിങ് കോളേജില്‍ അസിസ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോട്ടോര്‍ വാഹന വകുപ്പിലെ ജീവനക്കാരുടെ കുറവ് കണക്കിലെടുത്ത് പുതുതായി 206 തസ്തികകള്‍ കൂടി അനുവദിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കിയതായി മന്ത്രി അറിയിച്ചു. ട്രാഫിക്ക് നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയും ഡ്രൈവര്‍മാരുടെ ശ്രദ്ധക്കുറവുമാണ് റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണം. പീഡന നടപടികള്‍ ഒഴിവാക്കി ബോധവത്കരണ പരിപാടികള്‍ നടത്തുന്നതുവഴി അപകടങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിശീലനം പൂര്‍ത്തിയാക്കിയ 36 അസിസ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ പരേഡില്‍ പങ്കെടുത്തു.
പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള പുരസ്കാരങ്ങള്‍ ഗതാഗതമന്ത്രി വിതരണം ചെയ്തു. പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ വി. ഗോപാലകൃഷ്ണന്‍, വൈസ് പ്രന്‍സിപ്പല്‍ എന്‍. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post