ഹെല്‍പ് ലൈന്‍ നമ്പറുകളായ 04864 222145, 9497962425, 9497990054 എന്നിവയിലേക്ക് വിളിക്കാം.
ഇടുക്കി: ഇടുക്കി രാജാക്കാടിന് സമീപം തേക്കിന്‍കാനത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. തിരുവനന്തപുരം സാരാഭായി ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കൊടൈക്കനാലില്‍ നിന്നു മൂന്നാറിലേക്കു പോകുകയായിരുന്നു അപകടത്തില്‍പ്പെട്ടവര്‍. 28 പുരുഷന്‍മാരും 13 സ്ത്രീകളുമാണ് ബസിലുണ്ടായിരുന്നത്. ഇറക്കത്തിലുള്ള കൊടുംവളവില്‍ ബസ് താഴെയുള്ള റോഡിലേക്ക് മറിയുകയായിരുന്നു. ബസിലുള്ള മുഴുവന്‍ യാത്രക്കാര്‍ക്കും പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ബസ് ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടും. പരിക്കേറ്റവരെ ആദ്യം രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അടിമാലിയിലെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മരിച്ചവരില്‍ എല്ലാപേരെയും തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശികളായ ജിബിന്‍, ശ്രീജേഷ്, കൊച്ചി സ്വദേശി ഷൈജു, ശരത് ചന്ദ്രന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മറിഞ്ഞ ബസിനു താഴെ മൂന്നുപേര്‍ കുടുങ്ങിയിരുന്നു. ക്രെയിന്‍ ഉപയോഗിച്ച ബസ് ഉയര്‍ത്തിയശേഷമാണ് ഈ മൂന്നുപേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. തിരുവനന്തപുരം വെള്ളനാട് സാരാഭായി ഇന്‍സ്റിറ്റ്യൂട്ടിലെ അവസാന വര്‍ഷ ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് ബാച്ചിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാറിലേക്കുള്ള യാത്രാമധ്യെ ഉച്ചക്ക് പന്ത്രണ്ടരക്കാണ് അപകടം. ബസ്സില്‍ 28 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളും ഉണ്ടായിരുന്നുവെന്നാണ് വിവരം.
മരിച്ചവരില്‍ 3 പേരുടെ മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയിലും 3 പേരുടെ മൃതദേഹങ്ങള്‍ രാജാക്കാട് സെന്റ് ജോണ്‍സ് ആശുപത്രിയിലും ഒരാളുടെ മൃതദേഹം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഗുരുതരമായി പരുക്കേറ്റവരെ എറണാകുളത്തെ വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി.
അതേസമയം, കോളജില്‍ നിന്ന് ഔദ്യോഗികമായി പോയതല്ല അപകടത്തില്‍പ്പെട്ട വിനോദയാത്രാസംഘമെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍, മാതാപിതാക്കളുടെ അറിവോടെ സ്വന്തം നിലയ്ക്ക് വിനോദയാത്രക്ക് പോയതാണെന്നാണ് വിവരം. വിദ്യാര്‍ഥി സംഘത്തിനൊപ്പം ഏതാനും പേരുടെ മാതാപിതാക്കളും ഉണ്ടായിരുന്നു.
Discussion about this post