ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിഎസ്പി നേതാവിനെ വെടിവെച്ചുകൊന്നു. 2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയുടെ സ്ഥാനാര്‍ഥിയും വ്യവസായിയുമായിരുന്ന ദീപക് ഭരദ്വാജ് ആണ് കൊല്ലപ്പെട്ടത്. രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം. ദക്ഷിണ ഡല്‍ഹിയിലെ ഗുഡ്ഗാവ് അതിര്‍ത്തിമേഖലയായ രാജോക്രിയില്‍ ദീപക് ഭരദ്വാജിന്റെ ഫാം ഹൌസില്‍ വെച്ചാണ് വെടിവെയ്പുണ്ടായത്. ഫാം ഹൌസിലുണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ക്കും വെടിയേറ്റു. മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ദീപക് ഭരദ്വാജിന്റെ ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ സ്കോഡ കാറിലെത്തിയ രണ്ടു പേര്‍ ദീപക് ഭരദ്വാജുമായി വാക്കുതര്‍ക്കമുണ്ടാകുകയും വെടിവെയ്ക്കുകയുമായിരുന്നു. ഈ പ്രദേശത്തെ ധനികനാണ് ദീപക് ഭരദ്വാജ്. റിയല്‍ എസ്റേറ്റ് ഉള്‍പ്പെടെയുള്ള ബിസിനസ് നടത്തിയിരുന്ന ഇയാള്‍ 2009 ലോക്സഭാ തെരഞ്ഞെടുപ്പിലെ ധനികരായ സ്ഥാനാര്‍ഥികളില്‍ ഒരാളായിരുന്നു. ഏകദേശം 600 കോടിയുടെ സ്വത്താണ് ഇയാള്‍ക്കുള്ളത്. റിയല്‍ എസ്റേറ്റിന് പുറമേ ഹോട്ടലുകളും സ്കൂളുകളും ഇയാള്‍ നടത്തുന്നുണ്ടായിരുന്നു.
Discussion about this post