ശബരിമല : മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിഗീരീശന്റെ തിരുനട ഇന്ന് തുറക്കും. വൈകിട്ട് 5.30 ന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി ജി.വിഷ്ണു നമ്പൂതിരി നടതുറന്ന് നെയ്ത്തിരി ജ്വലിപ്പിക്കും. തുടര്‍ന്ന് വൈകുന്നേരത്തോടെ പുതിയ ശബരിമല മാളികപ്പുറം മേല്‍ശാന്തിമാരുടെ അവരോധ ചടങ്ങുകള്‍ നടക്കും. ശബരിഗിരീശന്റെ തിരുനടയ്ക്കു മുന്നിലുള്ള സോപാനത്തില്‍ നിയുക്ത മേല്‍ശാന്തി ഏഴിക്കാട് ശശി നമ്പൂതിരിയെ ഇരുത്തി തന്ത്രി കണ്ഠരര് രാജീവരര് കലശം പൂജിച്ച് തീര്‍ത്ഥമാടും. തുടര്‍ന്ന് മേല്‍ശാന്തിയെ കൈപിടിച്ച് ശ്രീകോവിലിനുള്ളിലേക്ക് ആനയിച്ച് അയ്യപ്പമൂലമന്ത്രം ചെവിയില്‍ ഓതിക്കൊടുക്കും. അതിന് ശേഷം മാളികപ്പുറത്ത് മേല്‍ശാന്തിയായി ധനഞ്ജയ്ന്‍ നമ്പൂതിരിയെ അവരോധിക്കുന്ന ചടങ്ങും നടക്കും.
രാത്രി 10മണിയോടെ നടയടച്ച് ശ്രീകോവിലിന്റെ താക്കോല്‍ മേല്‍ശാന്തി വിഷ്ണുനമ്പൂതിരി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ഏല്‍പ്പിക്കും.തുടര്‍ന്ന് അദ്ദേഹം താക്കോല്‍ പുതിയ മേല്‍ശാന്തിക്ക് കൈമാറും. വൃശ്ചികപ്പുലരിയില്‍ സന്നിധാനത്തും മാളികപ്പുറത്തും നടതുറക്കുന്നത് പുതിയ മേല്‍ശാന്തിമാരായിരിക്കും. ഇന്ന് രാത്രി നടയടച്ച് താക്കോല്‍ കൈമാറിയ ശേഷം ഒരുവര്‍ഷത്തെ പൂജാനിയോഗം പൂര്‍ത്തിയാക്കി പഴയ മേല്‍ശാന്തിമാര്‍ മലയിറങ്ങും. വൃശ്ചികപ്പുലര്‍ച്ചെ 4 ന് ശബരിമല മേല്‍ശാന്തി ഏഴിക്കാട് ശശിനമ്പൂതിരി നടതുറന്ന് നിര്‍മ്മാല്യ ദര്‍ശനമൊരുക്കും. ശേഷം പതിവു പൂജകളായ ഗണപതിഹോമം, ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവ നടക്കും.ഡിസംബര്‍ 27നാണ് മണ്ഡലപൂജ. അന്നു രാത്രി 10ന് നടയടക്കും. രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം ഡിസംബര്‍ 30ന് വൈകിട്ട് 5.30ന് വീണ്ടും നട തുറക്കും. ജനുവരി 14നാണ് ശബരിമല മകരവിളക്ക് ദര്‍ശനം.
ഈവര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. പമ്പയില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുമന്ത്രിമാരും ഉദ്യോഗസ്ഥരും നല്‍കിയ വിശദീകരണത്തില്‍നിന്നും ശബരിമല ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മനസ്സിലാക്കുന്നെന്നും സുഗമമായ തീര്‍ത്ഥാടനക്കാലം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
അപ്രതീക്ഷിതമായി എത്തിയ മഴ പൊതുമരാമത്ത് വകുപ്പിന്റെ ഒരുക്കങ്ങളെ സാരമായി ബാധിച്ചതായി മന്ത്രി എം.വിജയകുമാര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മഴയത്താണ്. ഹൈക്കോടതിയുടെ പരാമര്‍ശമുള്ള എല്ലാ പ്രധാനപ്പെട്ട ശബരിമല റോഡുകളുടേയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. മറ്റു റോഡുകളുടെ പണികള്‍ നൂറുശതമാനവും പൂര്‍ത്തീകരിക്കാനായില്ല. പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് അദ്ദേഹം പറഞ്ഞു.
Discussion about this post