തിരുവനന്തപുരം: പതിമൂന്നാം ധനകാര്യകമ്മീഷന്‍ അനുവദിച്ച 510 ലക്ഷം രൂപ വിനിയോഗിച്ച് കുടപ്പനക്കുന്നില്‍ നിര്‍മ്മിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ മള്‍ട്ടിസ്‌പെഷ്യാലിറ്റി മൃഗാശുപത്രിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലയിട്ടു. മനുഷ്യര്‍ക്ക് ലഭ്യമാകുന്നതുപോലെയുളള രോഗപ്രതിരോധ രീതികളും ചികിത്സാസൗകര്യങ്ങളും മൃഗങ്ങള്‍ക്ക് കൂടി ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുളള സര്‍ക്കാരിന്റെ നൂതനമായ പദ്ധതിയാണ് അത്യാധുനിക സൗകര്യങ്ങളുളള മള്‍ട്ടിസ്‌പെഷ്യാലിറ്റി മൃഗാശുപത്രിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൃഗസംരക്ഷണ, ക്ഷീരവികസനമേഖലയില്‍ ഉള്‍ക്കാഴ്ചയോടുകൂടിയുളള അനവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. രണ്ടുവര്‍ഷത്തിനുളളില്‍ പാലുത്പാദനത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വര്‍ദ്ധിപ്പിച്ച പാല്‍വിലയുടെ 90 ശതമാനവും കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചത് ഈ മേഖലയോടുളള പ്രതേ്യക പരിഗണനകൊണ്ടാണെന്നും മുഖ്യമന്ത്രി അറിയിച്ചു. മൃഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് പഠിക്കാനും ആധുനിക ചികിത്സ ഉറപ്പാക്കാനും സൗകര്യമുളള മള്‍ട്ടി സ്‌പെഷ്യാലിറ്റി മൃഗാശുപത്രിയുടെ നിര്‍മ്മാണജോലികള്‍ ആറ് മാസത്തിനുളളില്‍ പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കൃഷിമൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. ക്ഷീര-കന്നുകാലിസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി ആവിഷ്‌ക്കരിച്ച ‘ഗോവര്‍ദ്ധിനി’ പദ്ധതിപ്രകാരം സംസ്ഥാനത്ത് അഞ്ച് ലക്ഷം ലിറ്റര്‍ പാല്‍ കൂടുതലുത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികള്‍ ക്ഷീരകര്‍ഷകരുടെ ജീവിതനിലവാരവും സംസ്ഥാനത്തിന്റെ പുരോഗതിയും ഉയര്‍ത്താന്‍ സഹായിക്കുമെന്ന് 1000 ക്ഷീരകര്‍ഷകര്‍ക്കുളള ധനസഹായം വിതരണംചെയ്തുകൊണ്ട് കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ഡോ. ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിധവകള്‍ക്കായി മുന്തിയഇനം കിടാരിപശുക്കളെ സൗജന്യമായി നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിര്‍വഹിച്ചു. പ്രതേ്യക ഘടകപദ്ധതിയുടെ ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍ ഉദ്ഘാടനം ചെയ്തു. കുടപ്പനക്കുന്ന് കന്നുകാലിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജി. സുമ, ഡോ. എല്‍. രവികുമാര്‍, ഡോ. വി. ബ്രഹ്മാനന്ദന്‍, ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post