ഗാന്ധിനഗര്‍: യുഎസില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളും ബിസിനസുകാരും ഉള്‍പ്പെട്ട പ്രതിനിധിസംഘം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കണ്ടു. യുഎസ് കോണ്‍ഗ്രസിലെ ഇല്ലിനോയിയില്‍ നിന്നുള്ള റിപ്പബ്ളിക്കന്‍ അംഗം ആരോണ്‍ ഷോക്കിന്റെ നേതൃത്വത്തിലുള്ള 18 അംഗ പ്രതിനിധിസംഘമാണ് മോഡിയുടെ ഔദ്യോഗിക വസതിയിലെത്തി അദേഹത്തെ സന്ദര്‍ശിച്ചത്. സംസ്ഥാനത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത ചര്‍ച്ച അടച്ചിട്ട മുറിയില്‍ അരമണിക്കൂര്‍ നീണ്ടു. അഹമ്മദാബാദിലുള്ള സബര്‍മതി ആശ്രമം സന്ദര്‍ശിച്ചശേഷമാണ് സംഘം മോഡിയുടെ വസതിയിലെത്തിയത്. ഗുജറാത്തിന്റെ അതിവേഗത്തിലുള്ളതും സമഗ്രവും പാരിസ്ഥിതിക സന്തുലിതവുമായ വളര്‍ച്ചയുടെ വിവിധ വശങ്ങള്‍ മോഡി പ്രതിനിധി സംഘവുമായി പങ്കുവച്ചതായാണു വിവരം. ഗുജറാത്തിന്റെ നിക്ഷേപസൌഹാര്‍ദം എടുത്തുപറഞ്ഞ ആരോണ്‍ ഷോക്ക് 2012ലെ തുടര്‍ച്ചയായ നാലാമത്തെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരില്‍ മോഡിയെ അനുമോദിച്ചു.
Discussion about this post