തിരുവനന്തപുരം: സൗദി സ്വദേശിവല്‍ക്കരണത്തില്‍ ഇന്ത്യന്‍ എംബസി സജീവമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സൗദിയിലെ മലയാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. നിതാഖത്ത് നിയമം പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നുള്ള സൗദിയിലെ സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സൗദിയില്‍ നിന്ന് വലിയ തോതില്‍ ആളുകള്‍ മടങ്ങി വരുന്ന സാഹചര്യം ഒഴിവാക്കും. മടങ്ങുന്നവരുടെ പുനരധിവാസത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കും. മടങ്ങി വരുന്നവര്‍ക്ക് സഹായം നല്‍കും. സൗദി അറേബ്യമായുളള സൗഹൃദം നിലനിര്‍ത്തി ഇന്ത്യക്കാരെ സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ചൊവ്വാഴ്ച ഡല്‍ഹിക്ക് പോകും.
ഇതേസമയം തൊഴില്‍ നഷ്ടപ്പെട്ടവരെ സംരക്ഷിക്കാന്‍ പണമില്ലെന്ന കേന്ദ്രമന്ത്രിയുടെ നിലപാട് നാണക്കേടാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post