തിരുവനന്തപുരം: സൗദി അറേബ്യയില്‍ നിതാഖ്വത് നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരിഭ്രാന്തിപ്പെടേണ്ട സാഹചര്യമില്ല എന്നാണ് കേന്ദ്ര സര്‍ക്കാരുമായും സൗദി അറേബ്യയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായും ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ വിവരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
2009-ലാണ് സൌദി അറേബ്യയിലെ തൊഴില്‍ മന്ത്രാലയം നിതാഖ്വത് നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. അത് കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ സാഹചര്യം ഉണ്ടായത്. ഇതിനു പരിഹാരം കാണാന്‍ സൗദിയിലെ ഇന്ത്യന്‍ എംബസി വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, ഖുര്‍ഷിദ് അഹമ്മദ്, ഇ. അഹമ്മദ് എന്നിവരെയും ബന്ധപ്പെട്ടിട്ടുണ്ട്.
സൗദി അറേബ്യയുമായി ഇന്ത്യയ്ക്ക് നയതന്ത്ര- വാണിജ്യ രംഗങ്ങളില്‍ വളരെ നല്ല ബന്ധമാണുള്ളത്. ആ സൗഹാര്‍ദം പൂര്‍ണമായും നിലനിര്‍ത്തിക്കൊണ്ട് സൌദിയിലുള്ള ഇന്ത്യക്കാരുടെ താത്പര്യം സംരക്ഷിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷ. നമ്മുടെ രാജ്യത്തോടും ഇന്ത്യക്കാരോടും ഉദാരമായ നയമാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്രശ്നങ്ങള്‍ക്ക് രമ്യമായ പരിഹാരം ഉണ്ടാകുമെന്നും പ്രതീക്ഷയുണ്ട്. ആളുകളുടെ വലിയതോതിലുള്ള തിരിച്ചുവരവ് ഒഴിവാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. മടങ്ങിവരുന്നവരുടെ പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ച് ഗൌരവമായി ആലോചിക്കുകയാണ്. ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
2009-ല്‍ നടപ്പാക്കിയ നിതാഖ്വത് നിയമപ്രകാരം 10-ല്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ 10 ശതമാനം തദ്ദേശീയരെ നിയമിക്കണം. ഈ നിയമം ഇപ്പോള്‍ കര്‍ശനമാക്കി. അതോടൊപ്പം ഈ നിയമത്തില്‍ പുതിയ ഭേദഗതിയും കൊണ്ടുവന്നു. ഇതനുസരിച്ച് 10-ല്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളും തദ്ദേശീയനായ ഒരാളെയെങ്കിലും നിയമിക്കണം. എന്നാല്‍, ഇത് നടപ്പാക്കുന്നതിന് സമയപരിധി പറഞ്ഞിട്ടില്ല.
Discussion about this post