ഓച്ചിറ: ഓച്ചിറ പരബ്രഹ്‌മക്ഷേത്രത്തിലെ പന്ത്രണ്ടുവിളക്ക് മഹോത്‌സവത്തിന് ഒരുദിവസം ശേഷിക്കെ പടനിലത്ത് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. നാളെ തുടങ്ങുന്ന വൃശ്‌ചികോത്‌സവം നവംബര്‍ 28ന് സമാപിക്കും. നാളെ രാവിലെ 6.30ന് ഭരണസമിതി പ്രസിഡന്റ് വി.പി.എസ്. മേനോന്‍ പതാക ഉയര്‍ത്തും. വൈകിട്ട് 4ന് ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് എസ്. സിരിജഗന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. 28ന് നടക്കുന്ന സമാപനസമ്മേളനം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപണിക്കര്‍ ഉദ്‌ഘാടനം ചെയ്യും.
12 ദിനരാത്രങ്ങളില്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പടനിലത്ത് പ്രത്യേകം തയ്യാറാക്കിയ പര്‍ണ്‌ണശാലകളില്‍ ആയിരങ്ങളാണ് ഭജനംപാര്‍ക്കാനെത്തുന്നത്. ഇതിനായി പടനിലത്ത് ഓലകൊണ്ടുനിര്‍മ്മിച്ച 1400 കുടിലുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ആല്‍ത്തറകള്‍, സേവാപന്തലുകള്‍, ഓഡിറ്റോറിയങ്ങള്‍, പടനിലത്തിന്റെ പരിസരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഭക്തര്‍ക്ക് ഭജനംപാര്‍ക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ക്ഷേത്രദര്‍ശനത്തിനും ഭജനംപാര്‍ക്കാനുമെത്തുന്ന ആയിരക്കണക്കിന് ഭക്തര്‍ക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ഭരണസമിതി സെക്രട്ടറി വി. സദാശിവനും പ്രസിഡന്റ് വി.പി.എസ്. മേനോനും പത്രസമ്മേളനത്തില്‍ അറിയിച്ചു.
Discussion about this post