ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.
രാമാനന്ദസരസ്വതി
തപശക്തികൊണ്ടു പന്താടിക്കളിച്ച ഋഷി പാരമ്പര്യം, സന്യാസപാരമ്പര്യം ഭാരതത്തിന്റെ മാത്രം സമ്പത്താണ്.
യദായദാഹി ധര്‍മസ്യ ഗ്ലാനിര്‍ ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധുനാം വിനാശായചദുഷ്‌കൃതാം
ധര്‍മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ
എന്നാണല്ലോ ഗീതാവചനം
മനുഷ്യന്റെ മനോബുദ്ധികള്‍ക്കതീതമാണല്ലോ ഈശ്വരമാഹാത്മ്യം. ലൗകികസുഭോഗങ്ങളെ പുല്ല് പോലെ തള്ളിക്കളഞ്ഞുസന്ന്യസിച്ച് ആത്മീയ അനുഭൂതി നേടി ആനന്ദചിത്തന്മാരായി വര്‍ത്തിക്കുക എന്നത് സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി തീര്‍ന്നത് മുതല്‍ അതിനപ്പുറത്തും നടന്നകാര്യങ്ങള്‍ ഭാരതമാതാവിന്റെ മാത്രം സമ്പത്താണ്. ഒരു നോട്ടം കൊണ്ടും സ്പര്‍ശംകൊണ്ടും ഏതു പാപികളെയും പാപമുക്തരാക്കിത്തീര്‍ക്കുക എന്നത് വാല്മീകി മുതലുള്ള ചരിത്രമാണല്ലോ. അന്നും ഇന്നും എന്നും യതിവര്യന്മാരുടെ പാരമ്പര്യം നിലനില്ക്കുന്നു. അതിനൊരുകാലത്തും നാശമില്ല. നശിപ്പിക്കാന്‍ സാധ്യവുമല്ല. സുനാമി വിഴുങ്ങാന്‍ വന്നിട്ട് സാധ്യമാവാതെ പിന്‍മാറിയതും ആ ശക്തികൊണ്ടു മാത്രമാണ്.
വായു ചലിക്കുന്നതും സൂര്യചന്ദ്രന്‍മാര്‍ അവരുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതും സമുദ്രം അതിര്‍ത്തി ലംഘിക്കാതിരിക്കുന്നതും ആ സനാതനധര്‍മ്മത്തിന്റെ മഹത്ത്വം മാത്രമാണ്. ശ്രീകൃഷ്ണന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം കലിധര്‍മ്മം തലപൊക്കി നടമാടാന്‍ തുടങ്ങിയപ്പോള്‍ അതില്‍നിന്നു ധര്‍മ്മത്തെ രക്ഷിക്കാന്‍ വേദവ്യാസനായി അവതരിച്ചതും ആ ശക്തിതന്നെയാണ്. അതിനുശേഷം എണ്ണിയാലൊടുങ്ങാത്ത മഹാത്മാക്കള്‍ ആദിശങ്കരാചാര്യര്‍, രാമകൃഷ്ണപരമഹംസര്‍, വിവേകാനന്ദസ്വാമികള്‍, പട്ടണത്തുപിള്ളയാര്‍, തിരുവള്ളുവര്‍ തുടങ്ങി വര്‍ത്തമാനകാലത്ത് ചട്ടമ്പിസ്വാമി തിരുവടികള്‍, നാരായണഗുരുസ്വാമികള്‍, സര്‍പ്പദംശനമേറ്റുമരണമടഞ്ഞ ഒരു സ്ത്രീയെ കേവലം സ്പര്‍ശനംകൊണ്ടു ജീവിപ്പിച്ച മണണൂര്‍ രാമാനന്ദഗുരുതൃപ്പാദങ്ങള്‍, തപോവനസ്വാമികള്‍, പുരുഷോത്തമാനന്ദസ്വാമികള്‍, ഋഷികേശ് ശിവാനന്ദസരസ്വതി തിരുവടികള്‍ മുതല്‍ അടുത്തദിവസം സമാധിപ്രാപിച്ച സ്വാമി സത്യാനന്ദ സരസ്വതി തിരുവടികള്‍ വരെ – ഇവരെല്ലാം ധര്‍മ്മത്തെ ഉദ്ധരിക്കാന്‍വേണ്ടി അവതരിച്ചവരാണ്!
രാമായണത്തില്‍ ലക്ഷ്മണോപദേശത്തില്‍
നേത്രമുണ്ടെന്നാകിലും കാണ്മതിന്നുണ്ടു പണി
രാത്രി തന്‍പദം ദീപമുണ്ടെന്നാകിലും
എന്ന വരികള്‍പോലെ ഇതെല്ലാം സൂക്ഷ്മമായി ചിന്തിക്കുന്നവര്‍ക്കുമാത്രമേ അറിയാന്‍ സാധിക്കൂ.
സത്യാനന്ദസരസ്വതി സ്വാമികള്‍ ഹൈന്ദവജനതയെ ഉദ്ധരിക്കാന്‍വേണ്ടിയും ഒന്നിപ്പിക്കാന്‍വേണ്ടിയും അഹോരാത്രം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭാവം നമുക്കു നികത്താന്‍ സാധിക്കാത്ത നഷ്ടമാണ്. അദ്ദേഹവും ഈ ലേഖകനും രണ്ടുപതിറ്റാണ്ട് പലസ്ഥലത്തും പലവേദിയിലും ഒരുമിച്ച് ഉണ്ടായിട്ടുണ്ട്. പ്രേമസ്വരൂപിയാണ്. ആനന്ദചിത്തനാണ്, തപോനിഷ്ഠനാണ്. മറ്റുള്ളവരുടെ സുഖത്തിനുവേണ്ടി സ്വയം ദുഃഖം ഏറ്റെടുക്കുന്ന യോഗിവര്യനാണ്. അദ്ദേഹത്തിന്റെ ഭൗതികശരീരം നശിച്ചാലും സര്‍വ്വവ്യാപിയായ ചൈതന്യം നമുക്കേവര്‍ക്കും പ്രചോദനം നല്കുമാറാകട്ടെ.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
Discussion about this post