ഡോ.അദിതി
ഈ കൊടുംചതിക്ക് കാരണക്കാരനായ അശ്വത്ഥാമാവിനെ വധിച്ച് അയാളുടെ ശിരോരത്‌നം കൊണ്ടു വരുന്നതുവരെ താന്‍ നിരാഹാരം അനുഷ്ഠിക്കും എന്ന് പറഞ്ഞ് അവള്‍ ദര്‍ഭവിരിച്ചു കിടന്നു. അശ്വത്ഥാമാവിനെ കൊന്നാല്‍ പോരാ. അയാളുടെ ശിരോഭൂഷണവും കൊണ്ടുവരണം. ദുഃഖത്തില്‍ വിതുമ്പുന്ന പ്രതികാരത്തില്‍ സ്ത്രീ സഹജമായ ചാപല്യം
അശ്വത്ഥാമാവിനോട് പകരംവീട്ടാന്‍ ശ്രീകൃഷ്ണനോടുകൂടി പാണ്ഡവര്‍ പുറപ്പെട്ടു. പാണ്ഡവര്‍ ശ്രീകൃഷ്ണനോടൊപ്പം വരുന്നതു കണ്ട് അശ്വത്ഥാമാവ് ‘പാണ്ഡവവധായ’ (പാണ്ഡവര്‍ ചത്തൊടുങ്ങട്ടെ) എന്ന മന്ത്രം ഉരുവിട്ടുകൊണ്ട് ബ്രഹ്മാസ്ത്രം തൊടുത്തുവിട്ടു. കൃഷ്ണന്റെ ആജ്ഞ അനുസരിച്ച് അര്‍ജ്ജുനന്‍ ഒരു ദിവ്യസ്ത്രം തടയാന്‍ ശ്രമിച്ചു. അസ്ത്രങ്ങള്‍ കൂട്ടിമുട്ടിയാല്‍ ഉണ്ടാവുന്ന ദുരന്തം തടയാന്‍ നാരദനും വ്യാസനും അവിടെ ഓടിയെത്തി. ഇതുകണ്ട് അര്‍ജ്ജുനന്‍ തന്റെ ആയുധം പിന്‍വലിച്ചു. എന്നാല്‍ അശ്വത്ഥാമാവിന് അതിനുകഴിഞ്ഞില്ല.
അത് അസാധ്യമാണെന്ന കാര്യം അയാള്‍ തുറന്നു പറഞ്ഞു. ഒരു അനുരഞ്ജനത്തിന്റെ പേരില്‍ അശ്വത്ഥാമാവ് തന്റെ ശിരോരത്‌നം യുധിഷ്ഠിരനു കൊടുത്തു. തന്മൂലം അശ്വത്ഥാമാവിനെ കൊല്ലാതെ വിടാനും തീരുമാനിച്ചു. എന്നാല്‍ ഏതെങ്കിലും ഒരു ലക്ഷ്യത്തില്‍ തറയ്ക്കാതെ ബ്രഹ്മാസ്ത്രം അടങ്ങുകയില്ല.
അതുകൊണ്ട് വ്യാസന്റെയും കൂടി ഇംഗിതം കണക്കിലെടുത്ത് അശ്വത്ഥാമാവ് ബ്രഹ്മാസ്ത്രം ഉത്തരയുടെ ഗര്‍ഭപാത്രത്തിലെ ശിശുവിനു നേരേ തിരിച്ചുവിട്ടു. ഇത് കൃഷ്ണനു സഹിച്ചില്ല. അദ്ദേഹം അശ്വത്ഥാമാവിനെ നോക്കി തിരിച്ചടിച്ചു. ‘നിന്റെ അസ്ത്രംകൊണ്ടു നശിച്ച് ഭ്രൂണത്തെ ഞാന്‍ ജീവിപ്പിക്കും. നീ പാപിയാണ്. ഹിനനാണ്. ശിശുഹത്യചെയ്യുന്നവനാണ്. ഈ പാപഫലം നീ അനുഭവിക്കും. മൂവായിരം കൊല്ലക്കാലം നീ പൊട്ടനും ഊമയുമായി മാറി അലഞ്ഞുനടക്കും.
മനുഷ്യരുടെ ഇടയില്‍ നിനക്കു സ്ഥാനം കിട്ടുകയില്ല. നാറുന്ന ചലവും പഴുപ്പും നിന്റെ ശരീരത്തില്‍ നിന്നും പൊട്ടിയൊഴുകിക്കൊണ്ടിരിക്കും. ഭീതി ജനകവും നിന്ദനീയവുമായ രോഗം പേറി നീ അലഞ്ഞു നടക്കും. ഉത്തരയുടെ ഗര്‍ഭത്തിലുള്ള ശിശു അറുപതു കൊല്ലം രാജ്യം ഭരിക്കും.’ അശ്വത്ഥാമാവിന് കൊടുത്ത ശാപം വ്യാസനും ശരിവച്ചു.
ശിരോരത്‌നവുമായി വന്ന പാണ്ഡവര്‍ പാഞ്ചാലിയെ കണ്ടു. അശ്വത്ഥാമാവിന്റെ ശിരസ്സിനു വേണ്ടിയുള്ള സത്യാഗ്രഹം ശിരോഭൂഷണംകൊണ്ട് അവസാനിച്ചു. ഇനി ശാപത്തിന്റെ ന്യായാന്യായം ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇത്രക്രൂരമായ ഒരു നരഹത്യ നടത്തുന്നതിനുള്ള ഒരു സാഹചര്യം ഇവിടെ ഉണ്ടോ? ജന്മംകൊണ്ടു ബ്രാഹ്മണനായ അശ്വത്ഥാമാവ് നല്ല യുദ്ധവിശാരദനും ആയിരുന്നു. ഗദായുദ്ധത്തില്‍ എതിരാളികളിലൊരാള്‍ മരിക്കുക എന്നതു സ്വാഭാവികം. മരിച്ചയാളിന്റെ ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും ദുഃഖം ഉണ്ടാവുക എന്നതും സ്വാഭാവികം.
എന്നാലിവിടെ ഒരു പ്രത്യേകതയുണ്ട്. ഗദായുദ്ധനിയമം തെറ്റിച്ച് ചതിച്ചാണ് ദുര്യോധനനെ വകവരുത്തിയത്. അതില്‍ ദുര്യോധനന്റെ ആത്മമിത്രമായ അശ്വത്ഥാമാവില്‍ ക്രോധപാരവശ്യം അസ്വാഭാവികമല്ല. ഈ നിലയിലാണെങ്കില്‍ അശ്വത്ഥാമാവ് പാഞ്ചാലരെയും മറ്റും വധിച്ചത് ന്യായീകരിക്കാം.
ഗദായുദ്ധനിയമം ഇടുപ്പിന് താഴെ പ്രഹരിക്കുന്നത് നിഷേധിക്കുന്നു. അപ്പോള്‍ ദുര്യോധനവധം അധാര്‍മ്മികമാണോ? അല്ല. നിയമവും ധര്‍മ്മവും എപ്പോഴും ഒന്നായിരിക്കണമെന്നില്ല. ദുര്യോധനനെ തുടക്കടിച്ചുകൊന്നത് നിയമവിരുദ്ധമായിരിക്കാം. പക്ഷേ അത് അധാര്‍മ്മികമല്ല. മുന്‍കൂട്ടി നിശ്ചയിച്ച ഒരു ഗൂഢാലോചനയുടെ ഫലവുമല്ല. കൗരവരെ ചതിച്ച് രാജ്യം കൈയ്യിലാക്കണമെന്ന് ഒരിക്കലും പാണ്ഡവര്‍ക്കു മോഹമുണ്ടായിരുന്നില്ല.
നേരെമറിച്ച് പാണ്ഡവരെ ചതിയില്‍ അകപ്പെടുത്തി ഉന്മൂലനാശം ചെയ്യാനുള്ള അനേകം പരിശ്രമങ്ങള്‍ കൗരവര്‍ നടത്തിയിട്ടുണ്ട്. ഇവിടെ അവസരത്തിനൊത്ത് ഭീമന്‍ നിയമലംഘനം നടത്തി എന്നുതന്നെയിരിക്കട്ടെ. തുടക്കം മുതലുള്ള കാര്യങ്ങള്‍ ഒരു തുറന്ന പുസ്തകംപോലെ അശ്വത്ഥാമാവിന്റെ മുന്നിലുള്ളപ്പോള്‍ ഈ ഒരു നിയമലംഘനം അയാളെ അത്രമാത്രം പ്രകോപിപ്പിച്ചു എന്നുണ്ടെങ്കില്‍ അത് അപലപനീയം തന്നെ. എന്നാല്‍ ഭീമന്റെ ‘ഗദായുദ്ധ’ നിയമഭംഗവും അശ്വത്ഥാമാവിന്റെ ‘നൃശംസത’യും ഒരേ തട്ടില്‍ കാണാന്‍ പറ്റുകയില്ല.
വാദമുഖത്തിനുവേണ്ടി ഭീമന്റെ പ്രവൃത്തിയിലും ചതിവുണ്ടെന്നു നിശ്ചയിക്കാം. എന്നാലിവിടെ അരങ്ങേറിയ ചതിവിന്റെയും നൃശംസതയുടെയും സ്വത്വത്തില്‍ സാരമായ വ്യത്യാസം ഉണ്ട്. ധര്‍മ്മയുദ്ധം ജയിക്കാന്‍ വേണ്ടിയാണ് ഭീമന്‍ ദുര്യോധനന്റെ ഊരുഭംഗം വരുത്തിയത് എന്നാല്‍ അശ്വത്ഥാമാവ്, ഉറങങിക്കിടന്നവരെ വെട്ടിക്കൊന്നത് യുദ്ധം ജയിക്കാനാണോ? ദുര്യോധനന്റെ പതനത്തോടെ യുദ്ധം അവസാനിച്ചില്ലേ? ദുര്യോധനന്‍ നിമിഷങ്ങള്‍ക്കകം മരിക്കുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ഈ നിലയില്‍ നോക്കുമ്പോള്‍ അശ്വത്ഥാമാവ് നടത്തിയ കൂട്ടക്കൊല പൈശാചികതയുടെ അരങ്ങേറ്റമല്ലാതെ മറ്റെന്താണ്? പാണ്ഡവരാരും കൂടാരത്തിലില്ലായിരുന്നു. പാഞ്ചാലാദികള്‍ ഉറങ്ങുകയായിരുന്നു.
അതുകൊണ്ടു തന്നെ നിരായുധരും ആയിരുന്നു. അതുകൊണ്ട് ഇത് ഒരു ദുര്‍ൂബുദ്ധിചെയ്ത ആസൂത്രിതമായ അറുകൊലയാണ് എന്നതിന് വേറെ തെളിവുകള്‍ വേണ്ട. അശ്വത്ഥാമാവ് മനസ്സുകൊണ്ട് അത്ര നല്ലവനൊന്നുമല്ല. ദുര്യോധനനെ നോക്കിയുള്ള ഇയാളുടെ ദുഃഖപ്രകടനം ഒരു മുതലക്കണ്ണീരല്ലേ? ്അശ്വത്ഥാമാവിനു തന്റെ അച്ഛനായ ദ്രോണാചാര്യരേക്കാള്‍ വലുതാണോ ദുര്യോധനന്‍? ഒരു പക്ഷേ ഭീമന്‍ ദുര്യോധനനോട് കാണിച്ചതിനേക്കാള്‍ വലിയ ചതിയല്ലേ ധര്‍മ്മപുത്രന്‍ ദ്രോണാചാര്യരോട് കാണിച്ചത്? അശ്വത്ഥാമാവ് മരിച്ചുപോയി എന്നു ധര്‍മ്മപുത്രര്‍ പറഞ്ഞതു കേട്ട് ആ ദുഃഖത്തില്‍ ആയുധം താഴെ വച്ച് മരണം വരിച്ചതല്ലേ ദ്രോണാചാര്യര്‍? അഹോ! പുത്രവാത്സല്യം.
ആ പുത്രന്റെ പിതൃഭക്തിയെവിടെ? അശ്വത്ഥാമാവ് അന്ന് ഇത്തരത്തില്‍ പെരുമാറിയിരുന്നെങ്കില്‍ ന്യായീകരിക്കാമായിരുന്നു. അധികാരത്തിലും ആഡംബരത്തിലും ശ്രദ്ധയുള്ളവനായിരുന്നു അശ്വത്ഥാമാവ്.
ദുര്യോധനന്‍ യുദ്ധം ജയിച്ചശേഷം, അദ്ദേഹത്തിനു വേണ്ടിത്യാഗം അനുഭവിച്ചവരുടെ മുന്‍നിരയില്‍ ഒന്നാമനാകാനായിരുന്നു മോഹം. ഒരുപക്ഷേ ജീവന്‍ ത്യജിച്ച സ്വപിതാവിന്റെ പേരു പറഞ്ഞുകൂടി ലാഭമുണ്ടാക്കാന്‍ ആഗ്രഹിച്ചിരുന്നുകാണും.
ക്രൂരനും സ്ഥാനമോഹിയുമായ അശ്വത്ഥാമാവ് നേരത്തെ സൂചിപ്പിച്ചപോലെ തന്റെ അച്ഛന്റെ മരണത്തില്‍ ഇത്രമാത്രം കലികൊണ്ടില്ല. എന്നാല്‍ ദുര്യോധന്റെ പതനം അയാള്‍ക്ക് അസഹ്യമായിരുന്നു. മഹാനായ സ്വപിതാവിനെക്കാള്‍ സുഹൃത്തായ ദുര്യോധനന്‍ അശ്വത്ഥാമാവിന് പ്രിയങ്കരനാണോ? തീര്‍ച്ചയായും അല്ല. എന്നാല്‍ ദുര്യോധനന്റെ മരണത്തില്‍ അയാള്‍ ഇത്രയധികം പ്രകോപിതനാകാന്‍ കാരണമെന്ത്? സ്ഥാനമാനങ്ങള്‍ മോഹിച്ചിരുന്ന അശ്വത്ഥാമാവിന് ദുര്യോധനന്റെ പതനം ഒരു അനാഥാവസ്ഥ ഉണ്ടാക്കിയേക്കാം.
Discussion about this post