നെടുമങ്ങാട്: ചരിത്രസ്മാരകമായ നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരത്തിന്റെയും മ്യൂസിയത്തിന്റെയും നവീകരണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി. ജോസഫ്. മൂന്നരകോടിയോളം രൂപ ചെലവില്‍ കോയിക്കല്‍ കൊട്ടാരം നവീകരിക്കുന്നതിന് മുന്നോടിയായി കൊട്ടാരവും മ്യൂസിയവും സന്ദര്‍ശിച്ചശേഷം അദ്ദേഹം അറിയിച്ചതാണ് ഇക്കാര്യം. പദ്ധതിചെലവിന്റെ 80 ശതമാനം കേന്ദ്രസര്‍ക്കാരും 20 ശതമാനം സംസ്ഥാനസര്‍ക്കാരുമാണ് വഹിക്കുന്നത്. ഒന്നരകോടി രൂപ ഇതിനോടകം കേന്ദ്രം ആര്‍ക്കിയോളജി വകുപ്പിന് അനുവദിച്ചുകഴിഞ്ഞു. കൊട്ടാരത്തിന്റെ ഘടനാപരമായ സംരക്ഷണം, ഡിസ്‌പ്ലേ ആധുനികവത്കരണം, ഗവേഷണ വിഭാഗം, ഓഡിയോ ഗൈഡന്‍സ് സംവിധാനം, ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക്, മ്യൂസിയം തിയേറ്റര്‍ തുടങ്ങിയവയാണ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. കൊട്ടാരത്തിലെ അമൂല്യനാണയശേഖരം, ഫോക്‌ലോര്‍ മ്യൂസിയം എന്നിവയും ആധുനികവത്കരിക്കും. കൊട്ടാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്കുവേണ്ടി പ്രതേ്യക അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണം, കൊട്ടാരത്തിലേയ്ക്കുളള റോഡുകളുടെ നവീകരണം എന്നിവയും വൈകാതെ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. പാലോട് രവി എം.എല്‍.എ., നെടുമങ്ങാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലേഖാ സുരേഷ്, ജില്ലാ പഞ്ചായത്തംഗം ആനാട് ജയന്‍, ആര്‍ക്കിയോളജി ഡയറക്ടര്‍ റജികുമാര്‍, കേരളപൈതൃകമ്യൂസിയം ഡയറക്ടര്‍ എസ്. റെയ്മണ്‍ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Discussion about this post