തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി സമ്മാന ജേതാക്കളുടെ പണം പാഴാകാതെ സംരക്ഷിക്കുക എന്ന സദുദ്ദേശ്യത്തോടെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപം നിര്‍ബന്ധമാക്കില്ലെന്ന് ധനകാര്യ മന്ത്രി കെ.എം.മാണി അറിയിച്ചു. സമ്മാനത്തുക നറുക്കെടുപ്പ് വിജയിക്ക് നല്‍കാതെ നിക്ഷേപമായി സര്‍ക്കാര്‍ സൂക്ഷിക്കുന്ന പദ്ധതി എന്ന രീതിയിലുളള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോട്ടറിയില്‍ നിന്നും ലഭിക്കുന്ന ഒന്നാം സമ്മാനത്തുകയുടെ ഏകദേശം മൂന്നിലൊരു ഭാഗം സമ്മാനാര്‍ഹന്‍ നിര്‍ദ്ദേശിക്കുന്ന എംപാനല്‍ഡ് ബാങ്കില്‍ നിക്ഷേപിച്ച് അതിന്റെ പലിശ ഉപയോഗിച്ച് 37-ാം മാസം മുതല്‍ ഏഴ് വര്‍ഷക്കാലം മാസംതോറും സാമ്പത്തിക സഹായം നല്‍കാനും പത്താമത്തെ വര്‍ഷം മുഴുവന്‍ തുകയും യാതൊരു വ്യത്യാസവുമില്ലാതെ മടക്കി നല്‍കാനും ഉദ്ദേശിച്ചാണ് സമ്പാദ്യ പദ്ധതി ബഡ്ജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സമ്മാനം ഉടന്‍ കൊടുക്കില്ല എന്നും പത്ത് വര്‍ഷത്തേക്ക് തടഞ്ഞുവയ്ക്കുമെന്ന മട്ടില്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്ത ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത് പൊതുജനങ്ങള്‍ക്കും ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഇടയില്‍ ആശങ്കകള്‍ ഉയര്‍ത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ താല്പര്യമുളളവര്‍ക്കു മാത്രം ചേരാവുന്ന ഒരു സഹായ പദ്ധതിയായി മാത്രമായിരിക്കും സമ്പാദ്യ പദ്ധതി ആവിഷ്കരിക്കുന്നതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സമ്മാനാര്‍ഹരുടെ ക്ഷേമം മാത്രമേ ലക്ഷ്യമിടുന്നുളളുവെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post