ചെന്നൈ: മലയാളമുള്‍പ്പെടെ ഒട്ടേറെ ഇന്ത്യന്‍ ഭാഷാ ചലച്ചിത്രങ്ങളില്‍ പിന്നണി ഗായകനായി തിളങ്ങിയ പി.ബി.ശ്രീനിവാസ് (82) അന്തരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ചെന്നൈ ടി.നഗറിനടുത്ത സി.ഐ.ടി. നഗറിലെ വീട്ടില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. കുറച്ചു കാലമായി അസുഖബാധിതനായിരുന്ന അദ്ദേഹം. ഭൗതികശരീരം തിങ്കളാഴ്ച വൈകിട്ടോടെ ചെന്നൈ കണ്ണമ്മാള്‍ പേട്ട ശ്മശാനത്തില്‍ സംസ്‌കരിച്ചു.
1930 സപ്തംബര്‍ 22- ന് ആന്ധ്രയിലെ കാക്കിനഡയില്‍ ജനിച്ച പി.ബി.എസ്. 1952-ലാണ് സിനിമാ സംഗീത ലോകത്തെത്തിയത്. ആര്‍.കെ.നാരായണന്റെ നോവലിനെ അവലംബിച്ച് നിര്‍മിച്ച ‘മിസ്റ്റര്‍ സമ്പത്ത്’എന്ന ഹിന്ദി ചലച്ചിത്രത്തില്‍ ഏതാനും വരികള്‍ പാടിക്കൊണ്ടാണ് തുടക്കം.
1954-ല്‍ ‘പുത്രധര്‍മ്മം’ എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് പി.ബി.എസ്. മലയാളത്തിലെത്തിയത്. അദ്ദേഹം ആലപിച്ച ‘മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്’എന്ന ഗാനം ഇന്നും മലയാളികളുടെ നാവിലുണ്ട്. റബേക്ക, സ്‌കൂള്‍ മാസ്റ്റര്‍, കാട്ടു തുളസി, കളഞ്ഞു കിട്ടിയ തങ്കം, ശകുന്തള, പൂച്ചക്കണ്ണി, കുമാര സംഭവം, ബാബുമോന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടി അദ്ദേഹം ആലപിച്ച് ഗാനങ്ങള്‍ ഇന്നും സൂപ്പര്‍ ഹിറ്റുകളാണ്.
ജാനകിയമ്മാളാണ് ഭാര്യ. പനിന്ദര്‍, വിജയ്, നന്ദകിഷോര്‍, രാജഗോപാല്‍, ലത എന്നിവര്‍ മക്കളാണ്.
Discussion about this post