മുംബൈ: അജ്‌മല്‍ കസബും കൂട്ടാളികളും തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കം നേരത്തെതന്നെ നടത്തിയിട്ടുണ്ടെന്ന് മുംബൈ ഭീകരാക്രമണക്കേസിലെ സര്‍ക്കാര്‍ ഭാഗം അഭിഭാഷകന്‍ ഉജ്വല്‍ നിഗംഇന്നലെ ബോംബെ ഹൈക്കോടതിയെ അറിയിച്ചു.
പാക്കിസ്ഥാനില്‍ നിര്‍മിച്ച ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) ഉപയോഗിച്ചാണ് അവര്‍ ദിശതെറ്റാതെ മുംബൈ തീരത്തെത്തിയത്. പിടിക്കപ്പെട്ടാല്‍ തങ്ങള്‍ പാക്കിസ്ഥാനില്‍നിന്ന് വന്നവരാണെന്നറിയാതിരിക്കാന്‍ കസബും കറാച്ചിയില്‍നിന്നെത്തിയ മറ്റ് ഒന്‍പത് ഭീകരരും ജിപിഎസ് നശിപ്പിച്ചുകളയുകയായിരുന്നുവെന്ന് ഉജ്വല്‍ നിഗം പറഞ്ഞു.
മുംബൈ ഭീകരാക്രമണക്കേസിന്റെ വിചാരണാ വേളയില്‍ കസബ് തന്റെ കുറ്റസമ്മതത്തില്‍ ഇത് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ബോംബെ ഹൈക്കോടതിയില്‍ ജസ്റ്റിസുമാരായ രഞ്‌ജനാ ദേശായി, ആര്‍.വി. മോറെ എന്നിവര്‍ മുമ്പാകെ നിഗം ബോധിപ്പിച്ചു. ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ട അഞ്ച് ചെറു ഉപകരണങ്ങള്‍ പോലീസ് ഒബ്‌റോയ് ഹോട്ടല്‍, നരിമാന്‍ ഹൗസ്, കുബേര്‍ ബോട്ട്, ഹോട്ടല്‍ താജ്‌മഹല്‍ എന്നിവിടങ്ങളില്‍നിന്നായി കണ്ടെടുത്തിരുന്നു.
ആക്രമണം നടത്തുന്നതിന് മുമ്പ്‌തന്നെ ഉപകരണങ്ങള്‍ ഭീകരര്‍ നശിപ്പിച്ചിരുന്നു. പ്രധാന ജിപിഎസ് കസബ് കടലിലെറിഞ്ഞുകളയുകയായിരുന്നു. എഫ്‌ബിഐ കോടതിയില്‍ ഹാജരാക്കിയ സാക്ഷി പോലീസ് കണ്ടെത്തിയ ജിപിഎസിലെ ലക്ഷ്യസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത് കസബ് ആണെന്ന് സൂചിപ്പിക്കുന്നതാണ് തെളിവുകള്‍. ഭീകരര്‍ പാക്കിസ്ഥാനുമായി തുടര്‍ച്ചയായി ബന്ധം പുലര്‍ത്തിയിരുന്നതിന് വ്യക്തമായ തെളിവുകളുണ്ട്.
Discussion about this post