ശബരിമല: മണ്ഡലകാല ഉത്സവത്തോ ടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ച് പോലിസ് മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരു ത്തിയെന്നും വര്‍ദ്ധിച്ചുവന്ന തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞവര്‍ഷത്തെക്കാള്‍ കൂടുതല്‍ പോലീസ് സേനാംഗങ്ങളെയും മേലുദ്യോഗസ്ഥരെയും സന്നിധാനത്ത് നിയോഗിച്ചതായും ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ സി. രാജഗോപാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സ്‌പെഷ്യല്‍ ഓഫീസര്‍മാരെ കൂടാതെ 12 ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, 23 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 56 സബ്ബ് ഇന്‍സ്‌പെക്ടര്‍മാര്‍, 600 പോലീസ് സേനാംഗങ്ങള്‍ എന്നിവരെയാണ് ആദ്യഘട്ടത്തില്‍ സന്നിധാനത്ത് സേവനത്തിനായി നിയോഗിച്ചിട്ടുള്ളത്. ഇവരെ കൂടാതെ ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്ന് 100ഓളം പേരും ആര്‍എഎഫ്, എന്‍ഡിആര്‍എഫ് എന്നിവയിലെ 300 ഓളം അംഗങ്ങളും എത്തിയിട്ടുണ്ട്. കേരളാ പോലീസിന്റെ കമാന്‍ഡോ ഫോഴ്‌സ്, ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ്, ക്വിക്ക് ആക്ഷന്‍ ടീം എന്നിവയും ശബരിമലയില്‍ സേവനത്തിനുണ്ട്.
തീവ്രവാദ, ബോംബ് ഭീഷണി അടക്കമുള്ള ഏത് അടിയന്തിരസാഹചര്യവും നേരിടാന്‍ പോലീസ് പൂര്‍ണ്ണമായും സജ്ജരാണെന്നും അദ്ദേഹം അറിയിച്ചു. ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്ന മരക്കൂട്ടം, ശരംകുത്തി, നടപ്പന്തല്‍, പതിനെട്ടാംപടി വരെയുള്ള ഭാഗങ്ങളില്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇടവിട്ട് ശൂന്യസ്ഥലങ്ങള്‍ വരത്തക്കവിധം കൂടുതല്‍ ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. നെയ്യഭിഷേക കൗണ്ടറിലും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതായും രാജഗോപാല്‍ പറഞ്ഞു. പതിനെട്ടാം പടിയില്‍ തിരക്ക് നിയന്ത്രിക്കുന്നതിനും കൂടുതല്‍ അയ്യപ്പന്മാരെ വേഗത്തില്‍ കയറാന്‍ സഹായിക്കുന്നതിനുമായി ഊര്‍ജ്ജസ്വലരായ പോലീസുകാരെയാണ് പ്രത്യേകമായി നിയോഗിച്ചിരിക്കുന്നത്.
നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നിരീക്ഷണ ക്യാമറകളും ഇരുപതിലധികം ക്ലോസ്‌ഡ് സര്‍ക്ക്യൂട്ട് ടിവികളും സ്ഥാപിച്ചിട്ടുണ്ട്. കാടിനകത്ത് കൂടെയുള്ള ചെറുവഴികളിലൂടെ ഭക്തര്‍ എത്തുന്നത് ഒഴിവാക്കാനും മറ്റുള്ളവര്‍ അനധികൃതമായി കടക്കുന്നത് തടയാനും പോലീസ് പട്രോളിംഗ് നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് ശബരിമല അസിസ്റ്റന്റ് സ്‌പേഷ്യല്‍ ഓഫീസര്‍ രാഹുല്‍ ആര്‍ നായര്‍, ടാസ്‌ക് ഫോഴ്‌സിന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി സൂപ്രണ്ട് പി.കെ.മധു എന്നിവരും പത്രസമ്മേളത്തില്‍ പങ്കെടുത്തു.
Discussion about this post