തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന്റെയും കേരള സംഗീത നാടക അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ സംഗീതരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്വാതി പുരസ്കാരം സ്വാതി തിരുനാള്‍ മഹാരാജാവിന്റെ 200-ാം ജന്മദിനമായ ഏപ്രില്‍ 26 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ വൈകുന്നേരം മൂന്നിന് വി.ദക്ഷിണ മൂര്‍ത്തിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിക്കുമെന്ന് സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.
സാംസ്കാരിക വകുപ്പുമന്ത്രി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഉസ്താദ് അംജദ് അലി ഖാന്‍ മുഖ്യ പ്രഭാഷണം നടത്തും. ഏപ്രില്‍ 26, 27, 28, 29 തീയതികളിലാണ് സ്വാതി നൃത്ത സംഗീതോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. കോ-ബാങ്ക് ഓഡിറ്റോറിയത്തില്‍ ഈ ദിവസങ്ങളില്‍ വൈകുന്നേരം 6.45 ന് മേള അരങ്ങേറും. 26 ന് ഉസ്താദ് അംജദ് അലി ഖാന്‍ മക്കളായ അമാന്‍ അലി ഖാന്‍, അയാന്‍ അലി ഖാന്‍ എന്നിവരുടെ സ്വാതി സ്മൃതിസരോദ് കച്ചേരിയും 27 ന് ലക്ഷ്മി ഗോപാലസ്വാമിയുടെ -സ്വാതിനൃത്താഞ്ജലിയും 28 ന് ഇക്കൊല്ലത്തെ സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാക്കളായ തിരുവനന്തപുരം കൃഷ്ണകുമാര്‍, ബിന്നി കൃഷ്ണകുമാര്‍ ദമ്പതികളുടെ കര്‍ണ്ണാടക സംഗീത കച്ചേരി-സ്വാതി ആരാധനയും സംഘടിപ്പിക്കും. സമാപനം 29 ന് വൈകുന്നേരം 6.45 മണിക്ക് നടക്കും. 200 ഗായകര്‍ പങ്കെടുക്കുന്ന സ്വാതി ക്ളാസിക്കല്‍ ക്വയര്‍ അവതരണം- വീണ സംഗീതസംഘ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ പടിക്കെട്ടില്‍ നടക്കും. ഏപ്രില്‍ 26 മുതല്‍ 29 വരെയുള്ള എല്ലാപരിപാടികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും.
Discussion about this post