തിരുവനന്തപുരത്ത് എന്‍.സി.സി. ഡയറക്ടറേറ്റില്‍ കേരള എന്‍.സി.സിയുടെ അഡീഷണല്‍ ഡയറക്ടര്‍ ജനറലായ മേജര്‍ ജനറല്‍ ബി.ചക്രവര്‍ത്തിയും സംസ്ഥാന മുഖ്യ വനപാലകന്‍ രാജ രാജ വര്‍മ്മയും ചേര്‍ന്ന് വൃക്ഷത്തൈ നട്ട് ഭൌമദിനം ഉദ്ഘാടനം ചെയ്തു. രാജ്യവ്യാപകമായി 2013 പരിസ്ഥിതി സംരക്ഷണ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നതിന്റെ ഭാഗമായി കേരള എന്‍.സി.സിയും വനം വകുപ്പും സംയുക്തമായാണ് ഭൌമദിനത്തില്‍ ഒരു വര്‍ഷം നീളുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഭൂമി ഏറ്റവും രൂക്ഷമായ പരിസ്ഥിതി മലിനീകരണം നേരിട്ടുകൊണ്ടിരിക്കുകയാണ്. മഞ്ഞുമലകള്‍ ഉരുകുന്നതും വനഭൂമി നശിക്കുന്നതും മഴ കുറഞ്ഞ് വേനല്‍ കൂടുന്നതും അതുമൂലം സൂര്യാഘാതമുണ്ടാകുന്നതും വരള്‍ച്ചയും കുടിവെള്ള ക്ഷാമവും മണ്ണിടിച്ചിലും അപ്രത്യക്ഷമാകുന്ന നദികളും തടാകങ്ങളുമെല്ലാം മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളാണ്. ഈ സ്ഥിതിയ്ക്ക് മാറ്റം അനിവാര്യമാണ്. ഇതിനായി എന്‍.സി.സിയും വനം വകുപ്പും സംയുക്തമായി പാഴ്വസ്തു സംസ്കരണം, വൃക്ഷതൈ നടീല്‍, നദി-തടാക ശുദ്ധീകരണം, ഊര്‍ജോത്പാദനവും വിനിയോഗവും തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണവും ക്രിയാത്മകമായ പ്രവര്‍ത്തന പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ടെന്ന് മേജര്‍ ജനറല്‍ ബി.ചക്രവര്‍ത്തി പറഞ്ഞു. കേരളത്തില്‍ 77,000 ല്‍ പരം ആണ്‍-പെണ്‍ കേഡറ്റുകളുടേതായ ഒരു പ്രകൃതി സംരക്ഷണ സേന തിരുവനന്തപുരത്ത് എന്‍.സി.സിയുടെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ബി.ചക്രവര്‍ത്തിയുടെയും വനം വകുപ്പിന്റെയും മുഖ്യ വനപാലകന്‍ രാജ രാജ വര്‍മ്മയുടെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്നലെ രൂപീകരിച്ചിരുന്നു. ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈക്കിള്‍ റാലിയും തെരുവു നാടകങ്ങളും നടത്തുമെന്നും മേജര്‍ ജനറല്‍ പറഞ്ഞു.
എന്‍.സി.സി. ഡയറക്ടറേറ്റില്‍ നടന്ന സംയുക്ത ഉദ്ഘാടന കര്‍മ്മത്തില്‍ സാമൂഹിക വനവത്കരണ മേധാവി ബി.എസ്.കോറി, ബ്രിഗേഡിയര്‍ ജി.സുബ്രഹ്മണ്യന്‍, എന്‍.സി.സി. ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കേണല്‍ പി.പി.കൃഷ്ണ, പി.എല്‍.ഒ. കെ.മണിലാല്‍, കേഡറ്റുകള്‍ എന്നിവരും പങ്കെടുത്തു.
Discussion about this post