തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഇന്ന് തലസ്ഥാനത്തെത്തും. വൈകുന്നേരം നാലിന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം കാര്‍ മാര്‍ഗം ശിവഗിരിയിലേക്ക് പോകും. വൈകീട്ട് 5ന് ശിവഗിരിയില്‍ പരിഷത്ത് കനകജൂബിലി ആഘോഷ സമാപനവും 51-ാമത് ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്തും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
മോഡി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള മോഡിയുടെ സുരക്ഷയ്ക്ക് ഗുജറാത്തില്‍ നിന്നുള്ള ഏതാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം എത്തി. ഇവരുമായൊക്കെ ചര്‍ച്ച ചെയ്താണ് സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. മോഡിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ഉദ്യോഗസ്ഥരും എത്തുന്നുണ്ട്. വിമാനത്താവളം, നരേന്ദ്രമോഡി സഞ്ചരിക്കുന്ന റൂട്ട്, വര്‍ക്കല, ശിവഗിരി എന്നിവിടങ്ങളില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മോഡിയുടെ സന്ദര്‍ശനം വിവാദമായിരിക്കുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
കേരളത്തില്‍ ശിവഗിരിയിലെ പരിപാടിയില്‍ മാത്രമാണ് നരേന്ദ്രമോഡി പങ്കെടുക്കുക. പരിപാടിക്ക് ശേഷം രാത്രി 9 മണിയോടെ അദ്ദേഹം പ്രത്യേക വിമാനത്തില്‍ തന്നെ ഗുജറാത്തിലേക്ക് മടങ്ങും.
Discussion about this post