തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 94.17 വിജയശതമാനം. പതിനായിരത്തി എഴുപത്തി മൂന്ന് വിദ്യാര്‍ത്ഥികള്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്‌ളസ് നേടി. വിജയശതമാനം കൂടുതല്‍ കോട്ടയത്തും കുറവ് പാലക്കാട് ജില്ലയിലുമാണ്. 861 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിച്ചത്. എസ്എസ്എല്‍സി പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും നേരത്തെ ഫലം പ്രസിദ്ധപ്പെടുത്തുന്നത്.
ഏറ്റവും കൂടുതല്‍ എ പ്ലസുകള്‍ ലഭിച്ചത് കോഴിക്കോട് ജില്ലയില്‍. 40,016 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കി. കഴിഞ്ഞ വര്‍ഷം 93.64 ആയിരുന്നു വിജയശതമാനം. വിജയശതമാനത്തില്‍ ഇത്തവണ 0.53 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
861 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 274 സര്‍ക്കാര്‍ സ്‌കൂളുകളും 327 എയ്ഡഡ് സ്‌കൂളുകളും 260 അണ്‍ എയ്ഡഡ് സ്‌കൂളുകളും നൂറ് ശതമാനം വിജയം നേടി.ഗുണമേന്‍മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത 107 വിദ്യാലയങ്ങളില്‍ 34 വിദ്യാലയങ്ങള്‍ 100 ശതമാനം വിജയം നേടി. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജയിച്ചപ്പോള്‍ ഏറ്റവും കുറവ് പേര്‍ ജയിച്ചത് പാലക്കാട് വിദ്യാഭ്യാസ ജില്ലയിലാണ്. വിഎച്ച്എസ്‌സിയില്‍ 98.20 ആണ് വിജയശതമാനം.
പ്രവറ്റ് വിഭാഗത്തില്‍ 5513 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. 74.06 വിജയശതമാനം. കഴിഞ്ഞവര്‍ഷമിത് 81.16 ശതമാനമായിരുന്നു. ഗള്‍ഫ് മേഖലയില്‍ പരീക്ഷ എഴുതിയ 424 വിദ്യാര്‍ത്ഥികളില്‍ 419 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.
4,79,085 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 95,50 വിദ്യാര്‍ത്ഥികള്‍ കൂടുതല്‍. 2,600 കേന്ദ്രങ്ങളിലായിട്ടായിരുന്നു പരീക്ഷ നടന്നത്.
പ്‌ളസ് വണ്‍ പഠനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇത്തവണയും പ്രവേശനം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ് അറിയിച്ചു. പരീക്ഷ എഴുതിയ മാനസികമായും ശാരീരികമായും വൈകല്യങ്ങളുമുള്ള വിദ്യാര്‍ത്ഥികളില്‍ 90 ശതമാനത്തിലധികം വിജയം നേടിയ വിദ്യാലയങ്ങളെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കും. സിബിഎസ് സി സിലബസ് പഠിച്ച വിദ്യാര്‍ത്ഥികളില്‍ പൊതുപരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളെ മാത്രമേ പ്‌ളസ് വണ്‍ പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ എന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
മെയ് 13 മുതല്‍ 18 വരെയാണ് സേ പരീക്ഷ നടക്കുക. ഈ മാസം 30 വരെ അപേക്ഷ സമര്‍പ്പിക്കാം. പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഈ മാസം 30 വരെ സ്വീകരിക്കും.
Discussion about this post