തിരുവനന്തപുരം: നവജാതശിശുക്കളുടെ ആരോഗ്യ പരിപാലനത്തിന് അടുത്തമാസം ഒന്‍പത് ജില്ലാ ആശുപത്രികളില്‍ പ്രത്യേക നവജാതശിശുപരിപാലന യൂണിറ്റ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആരംഭിച്ച സ്പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്ത മൂന്ന് വര്‍ഷക്കാലംകൊണ്ട് ശിശുമരണ നിരക്കും അമ്മമാരുടെ മരണനിരക്കും കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കാരുണ്യ മെഡിക്കല്‍ ഫാര്‍മസി തുടങ്ങും. പാവപ്പെട്ട രോഗികള്‍ക്ക് ആവശ്യമായ മരുന്നുകളില്‍ തൊണ്ണൂറ് ശതമാനം വരെ കാരുണ്യ ഫാര്‍മസി വഴി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ജില്ലാ ആരോഗ്യ അദാലത്തുകള്‍ വഴി പരിഹരിക്കും. കേരളത്തിന്റെ ആരോഗ്യ നയം മെയ് 22 ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. മഴക്കാലത്തെ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് കൊതുകു നശീകരണ ബോധവത്ക്കരണ പരിപാടികള്‍ നടത്തുന്നതിന് സംസ്ഥാനതല സെല്‍ രൂപീകരിച്ചതായും മന്ത്രി അറിയിച്ചു.
ചടങ്ങില്‍ എന്‍.ആര്‍.എച്ച്.എം മിഷന്‍ ഡയറക്ടര്‍ ഡോ. എം. ബീന, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പി.കെ. ജമീല, എന്‍.ആര്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ. എന്‍. ശ്രീധര്‍, ഡി.എം.ഒ. ഡോ. എസ്.വി. സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post