തിരുവനന്തപുരം: സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും ഹോര്‍ട്ടിക്കോര്‍പ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെയ് രണ്ട് മുതല്‍ 12 വരെ ദേശീയ തേന്‍-മാമ്പഴോത്സവം 2013 സംഘടിപ്പിക്കും. നീലം, വരിക്ക, കലപ്പാടി, സിന്ദൂരം, ചന്ദ്രക്കാരന്‍ തുടങ്ങിയ ഇനങ്ങള്‍ കൂടാതെ മറുനാടന്‍ ഇനങ്ങളായ ജഹാംഗീര്‍, ദസേരി, സേലം, ബംഗ്ളോറ, അല്‍ഫോണ്‍സോ, ബംഗനപ്പള്ളി, മല്‍ഗോവ, മല്ലിക മുതലായവയും മേളയില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ കേരളത്തിന്റെ വിവിധ ജില്ലകളിലെ തനത് മാമ്പഴ ഇനങ്ങളായ നമ്പ്യാര്‍ മാങ്ങ, ഫറങ്കിലഡുവ, ചക്കരക്കുട്ടി, കോട്ടൂര്‍കോണം വരിക്ക, മൂവാണ്ടന്‍, കിളിച്ചുണ്ടന്‍ എന്നിവയും പ്രദര്‍ശനത്തിനുണ്ടാവും.
പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ മുതലമട, കന്യാകുമാരി, കൃഷ്ണഗിരി, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ മാംഗോ ഗ്രോവേഴ്സ് അസോസിയേഷന്‍ മുഖാന്തിരം വിവിധയിനം മാമ്പഴങ്ങളുടെ വില്‍പ്പനയും ഉണ്ടായിരിക്കും. അത്യുത്പാദനശേഷിയുള്ള വിവിധയിനം ഒട്ടുമാവിന്‍ തൈകളും, തേനിന്റെയും തേന്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും മേളയില്‍ ഉണ്ടായിരിക്കും.
ദേശീയ തേന്‍-മാമ്പഴോത്സവത്തിന്റെ ഉദ്ഘാടനം മേയ് രണ്ടിന് വൈകിട്ട് അഞ്ച് മണിക്ക് കെ.മുരളീധരന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കൃഷി-മൃഗസംരക്ഷണ-അച്ചടി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ നിര്‍വ്വഹിക്കും.
Discussion about this post