തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ പ്രതിബദ്ധത ഉണര്‍ത്തുന്നതിനുള്ള നല്ല മാതൃകയാണ് സ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി എന്ന് സാമൂഹ്യനീതി-പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ പറഞ്ഞു. ഔവര്‍ റസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി (ഒ.ആര്‍.സി) സംസ്ഥാനത്തെ തെരഞ്ഞെടുത്ത 25 വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ക്കിടയിലെ അനാരോഗ്യകരമായ പ്രവൃത്തികള്‍ നിയന്ത്രിക്കുന്നതിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ പോലീസും രക്ഷിതാക്കളും അദ്ധ്യാപകരും മനശാസ്ത്രജ്ഞരും പൊതുപ്രവര്‍ത്തകരും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. സാമൂഹ്യബോധം ഉണര്‍ത്തുന്നതിലും, നല്ല പെരുമാറ്റരീതി പഠിക്കുന്നതിലും സ്റുഡന്റ് പോലീസ് കേഡറ്റുകള്‍ വിജയിച്ചുവരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികള്‍ വഴിതെറ്റുന്നതിനുള്ള സാമൂഹ്യ സാഹചര്യം പഴയകാലത്തെ അപേക്ഷിച്ച് ഇന്ന് കൂടുതലാണ്. കൂട്ടുകുടുംബം അണുകുടുംബത്തിലേക്ക് ചുരുങ്ങിയ സാഹചര്യവും രക്ഷിതാക്കളുടെ ശ്രദ്ധക്കുറവുമാണ് കുട്ടികള്‍ അനാരോഗ്യകരമായ പ്രവണതകളിലേര്‍പ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മോഷണം, മയക്കുമരുന്ന് ഉപയോഗം, സാങ്കേതിക ഉപകരണങ്ങളുടെ ദുരുപയോഗം തുടങ്ങിയ പ്രവൃത്തികള്‍ നടത്തുന്നത് 17 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികളാണ്. ഇതിനെതിരേ ബോധവത്കരണത്തിന് ചൈല്‍ഡ്ലൈന്‍, ബാലസഭകള്‍ തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തൈക്കാട് എസ്.എച്ച്.എസ്.ആര്‍.സി.(സ്റേറ്റ് ഹെല്‍ത്ത് സിസ്റംസ് റിസോഴ്സ് സെന്റര്‍) യില്‍ നടന്ന പരിപാടിയില്‍ ഒ.ആര്‍.സി. നോഡല്‍ ഓഫീസറും സിറ്റി പോലീസ് കമ്മീഷണറുമായ പി.വിജയന്‍, കെ.എസ്.എസ്.എം. റീജണല്‍ ഡയറക്ടര്‍(നോര്‍ത്ത്), ഡോ.റോഷന്‍ ബിജിലീ, സാമൂഹ്യ സുരക്ഷ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ടി.പി.അഷറഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post