ന്യൂഡല്‍ഹി: 1984ല്‍ അന്നത്ത പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ സിക്ക് വിരുദ്ധകലാപത്തില്‍ ഡല്‍ഹി കന്റോണ്‍മെന്റിലെ രാജ്നഗറില്‍ അഞ്ചു സിക്കുകാര്‍ കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ പ്രത്യേക സിബിഐ കോടതി വെറുതേ വിട്ടു. സജ്ജന്‍ കുമാര്‍ ഒഴികെ പ്രതികളായ ബല്‍വാന്‍ ഖോകര്‍, മഹേന്ദ്ര യാദവ്, കിഷന്‍ ഖോക്കര്‍, ഗിരിധരി ലാല്‍, ക്യാപ്റ്റന്‍ ഭഗ്മാല്‍ എന്നിവര്‍ കുറ്റക്കാരാണെന്നു ജില്ലാ സെഷന്‍സ് ജഡ്ജി ജെ.ആര്‍. ആര്യന്‍ വിധിച്ചു.
കെഹാര്‍ സിംഗ്, ഗുര്‍പ്രീത് സിംഗ്, രഘുവീന്ദര്‍ സിംഗ്, നരേന്ദര്‍ പാല്‍ സിംഗ്, കുല്‍ദീപ് സിംഗ് എന്നിവരാണു കലാപത്തില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെയും ഇളയ മകനെയും മൂന്നു സഹോദരങ്ങളെയും നഷ്ടപ്പെട്ട പരാതിക്കാരി ജഗദീഷ് കൌര്‍ വിധി കേട്ടയുടന്‍ കോടതിമുറിക്കുള്ളില്‍ കുത്തിയിരുന്നു.
ബല്‍വാന്‍ ഖോകര്‍, ഗിരിധരി ലാല്‍, ക്യാപ്റ്റന്‍ ഭഗ്മാല്‍ എന്നിവര്‍ക്കെതിരേ കൊലപാതകത്തിനും മഹേന്ദ്ര യാദവ്, കിഷന്‍ ഖോക്കര്‍, എന്നിവര്‍ക്കെതിരേ കലാപത്തിനുമാണു കേസെടുത്തിരിക്കുന്നത്. സജ്ജന്‍കുമാര്‍ പ്രതിയായ മൂന്നു കേസുകളില്‍ ഒന്നിലാണ് ഇന്നലെ വിധി പ്രസ്താവിച്ചത്. കേസില്‍ മേയ് ആറിന് അടുത്ത വിചാരണ നടക്കും.
വിധി കേട്ടു പ്രകോപിതനായ ഓള്‍ ഇന്ത്യ സിക്ക് സ്റുഡന്റ്സ് ഫെഡറേഷന്‍ അധ്യക്ഷന്‍ കര്‍ണാല്‍ സിംഗ് പീര്‍മുഹമ്മദ് ജഡ്ജിക്കുനേരേ ചെരിപ്പെറിഞ്ഞു.പീര്‍മുഹമ്മദിനെ പിന്നീട് ഡല്‍ഹി പോലീസ് അറസ്റ് ചെയ്തു. കര്‍ക്കര്‍ഡൂമ ജില്ല കോടതി സമുച്ചയത്തിനു മുന്നില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. വിധിയില്‍ പ്രതിഷേധിച്ച് നിരവധി സിക്ക് സംഘടനകള്‍ ഇന്നലെ കരിദിനം ആചരിച്ചു.
സിക്ക് വിരുദ്ധ കലാപം അന്വേഷിച്ച ജി.ടി. നാനാവതി കമ്മീഷന്റെ ശിപാര്‍ശയെത്തുടര്‍ന്നാണ് 2005 ല്‍ സജ്ജന്‍ കുമാറിനെ കേസില്‍ പ്രതി ചേര്‍ക്കുന്നത്. സജ്ജന്‍ കുമാറിനും മറ്റ് അഞ്ചു പേര്‍ക്കുമെതിരേ സിബിഐ രണ്ടു കുറ്റപത്രങ്ങളാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
ഡല്‍ഹി പോലീസ് അന്വേഷിച്ച കേസ് 2005 ലാണ് സിബിഐ ഏറ്റെടുക്കുന്നത്. സജ്ജന്‍ കുമാറും പോലീസും തമ്മില്‍ കലാപത്തിന് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നാണു സിബിഐ കോടതിയെ ബോധിപ്പിച്ചത്. പോലീസ് റിക്കാര്‍ഡുകളില്‍നിന്നു സജ്ജന്‍ കുമാറിന്റെ പേര് ഡല്‍ഹി പോലീസ് നീക്കം ചെയ്യുകയായിരുന്നുവെന്നു സിബിഐ കോടതിയില്‍ പറഞ്ഞു. സിക്ക് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ സജ്ജന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത് ഡല്‍ഹി ഹൈക്കോടതി അടുത്തമാസം 15ലേക്കു മാറ്റിയിരുന്നു.
1984 ഒക്ടോബര്‍ 31നാണ് ഇന്ദിരാഗാന്ധിയെ വസതിക്കുമുന്നില്‍ സിക്കുകാരായ സുരക്ഷാഭടന്മാര്‍ വെടിവച്ചു കൊലപ്പെടുത്തിയത്. നവംബര്‍ ഒന്നിനും രണ്ടിനും ഡല്‍ഹിയില്‍ സിക്ക് വിരുദ്ധകലാപം പൊട്ടിപ്പുറപ്പെട്ടു. 2002 ല്‍ സജ്ജന്‍ കുമാറിനെ സിക്ക് വിരുദ്ധകലാപ ത്തി ലെ ഒരു കേസില്‍ സെഷന്‍സ് കോടതി വിട്ടയച്ചു. 2005 ഒക്ടോബര്‍ 24ന് നാനാവതി കമ്മീഷന്റെ ശിപാര്‍ശപ്രകാരം സജ്ജന്‍ കുമാറിനെതിരേ സിബിഐ വേറൊരു കേസ് ഫയല്‍ ചെയ്തു.
Discussion about this post