ബാംഗളൂര്‍: കര്‍ണാടക നിയമസഭാതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഞായറാഴ്ചയാണു വോട്ടെടുപ്പ്. എട്ടിനു വോട്ടെണ്ണലും നടക്കും. കടുത്ത ചൂട് കണക്കിലെടുത്തു വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂട്ടിയിട്ടുണ്ട്. ഇതുപ്രകാരം രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരേയായിരിക്കും വോട്ടെടുപ്പ്. 224 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നതെങ്കിലും ബിജെപിസ്ഥാനാര്‍ഥിയുടെ മരണത്തേത്തുടര്‍ന്നു പെരിയാപട്ടണം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഈമാസം 28ലേക്കു മാറ്റിയിട്ടുണ്ട്. സംസ്ഥാനത്താകെ 4,36,36,966 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 35,58,862 വോട്ടര്‍മാര്‍ പുതുമുഖങ്ങളാണ്. 52,034 പോളിംഗ് ബൂത്തുകളാണു ക്രമീകരിച്ചിട്ടുള്ളത്. ഇതില്‍ 10,103 ബൂത്തുകള്‍ അതീവ പ്രശ്നബാധിതമായും 14,209 ബൂത്തുകള്‍ പ്രശ്നബാധിതമായും കണ്െടത്തി. സുരക്ഷയ്ക്കായി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പോലീസിനു പുറമെ 50,000 കേന്ദ്രസേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് വെബ്കാസ്റിംഗ് മുഖേന തെരഞ്ഞെടുപ്പു കമ്മീഷന്‍ സസൂക്ഷ്മമായി നിരീക്ഷിക്കും. 1,100 ബൂത്തുകളിലാണു വെബ്കാസ്റിംഗ് സംവിധാനം ഒരുക്കുക. ഓരോ ജില്ലകളിലും കണ്‍ട്രോള്‍റൂമുകളുമുണ്ടാകും. തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ വോട്ടര്‍സ്ളിപ്പ് വിതരണം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനു കഴിഞ്ഞ ഒരുമാസമായി തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കഠിനാദ്ധ്വാനത്തിലായിരുന്നു. വിവിധ ജില്ലകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി എത്തിച്ച 20 കോടിയിലേറെ രൂപയും അഞ്ചുകോടിയിലേറെ രൂപ വിലമതിക്കുന്ന ഇലക്ട്രോണിക്സ് സാധനങ്ങളും 50,000ത്തിലേറെ ലിറ്റര്‍ മദ്യവുമാണു തെരഞ്ഞെടുപ്പു കമ്മീഷനും വിവിധ വകുപ്പുദ്യോഗസ്ഥരും ചേര്‍ന്ന് ഇതിനോടകം പിടികൂടിയിട്ടുള്ളത്. ഇതിന്റെ വിശദമായ കണക്ക് വരാനിരിക്കുന്നതേയുള്ളൂ. അവസാന ദിവസങ്ങളില്‍ ചൂടേറിയ പ്രചാരണത്തിനാണു സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ബിജെപിക്കുവേണ്ടി ദേശീയ നേതാക്കളായ രാജ്നാഥ്സിംഗ്, എല്‍.കെ.അഡ്വാനി, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്ലി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പ്രചാരണം നടത്തി. പരാജയം മുന്നില്‍ക്കണ്ടു പ്രചാരണത്തിനിറങ്ങാന്‍ ആദ്യം വിമുഖത പ്രകടിപ്പിച്ച നരേന്ദ്രമോഡി അവസാനദിനങ്ങളില്‍ ബാംഗളൂരിലും മംഗലാപുരത്തും ബല്‍ഗാമിലും പ്രചാരണത്തിനെത്തിയതു ബിജെപിയ്ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. എങ്കിലും അധികാരം നിലനിര്‍ത്താമെന്ന മോഹമൊന്നും ബിജെപിക്യാമ്പിനില്ല. അധികാരത്തില്‍ തിരിച്ചുവരാമെന്നു പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസിനുവേണ്ടിയും ശക്തമായ പ്രചാരണമാണു നടന്നത്. പരസ്യപ്രചാരണത്തിനു പുറമെ ഫേസ്ബുക്ക് തുടങ്ങിയ ഓണ്‍ലൈന്‍ സൌഹൃദക്കൂട്ടായ്മകളും കോണ്‍ഗ്രസ് വേണ്ടവിധം ഉപയോഗിച്ചു. പാര്‍ട്ടിയുടെ യുവനേതാവ് രാഹുല്‍ഗാന്ധി മൂന്നുതവണ പ്രചാരണത്തിനെത്തിയപ്പോള്‍ പാര്‍ട്ടിയധ്യക്ഷ സോണിയാഗാന്ധി രണ്ടുതവണയും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് ഒരുതവണയും പ്രചാരണത്തിനെത്തി. കൂടാതെ കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന നേതാക്കളും അയല്‍സംസ്ഥാനങ്ങളായ കേരളം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാരും മന്ത്രിമാരുമെല്ലാം പ്രചാരണത്തിനെത്തി. കേരളത്തില്‍നിന്നുള്ള എംപിമാരെല്ലാം പ്രചാരണത്തില്‍ മുഴുകി. മൂന്നാമത്തെ കക്ഷിയായ ജനതാദള്‍-എസും യെദിയൂരപ്പ നേതൃത്വം നല്കുന്ന കെജെപിയുമെല്ലാം ശക്തമായ പ്രചാരണം കാഴ്ചവച്ചു. തെരഞ്ഞെടുപ്പുകമ്മീഷന്റെ കര്‍ശന നിയന്ത്രണമുണ്െടങ്കിലും സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുള്ള ഏറ്റവും ശക്തമായ പ്രചാരണമാണ് ഇക്കുറിയുണ്ടായതെന്നു നിരീക്ഷകര്‍ പറയുന്നു. 2008ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 33.86 ശതമാനം വോട്ടുനേടി 110 സീറ്റുകളിലാണു ബിജെപി വിജയിച്ചത്. 34.59 ശതമാനം വോട്ടു നേടാനായെങ്കിലും കോണ്‍ഗ്രസ് 80 സീറ്റിലേക്ക് ഒതുക്കപ്പെട്ടു. 19.13 ശതമാനം വോട്ടുനേടിയ ജനതാദള്‍-എസിന് 28 സീറ്റും ആറിടത്ത് സ്വതന്ത്രരും വിജയിച്ചു.
Discussion about this post