തിരുവനന്തപുരം: പാടശേഖരങ്ങളിലും മനുഷ്യവാസമുള്ള മറ്റിടങ്ങളിലും സാധാരണയായി കണ്‌ടുവന്നിരുന്ന അങ്ങാടിക്കുരുവികള്‍ വംശനാശത്തിലേക്ക്. പാസര്‍ ഡൊമസ്റ്റിക്കസ് എന്ന ശാസ്‌ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ പക്ഷികളെ അമേരിക്കയിലെ ദി റോയല്‍ സൊസൈറ്റി ഒഫ് പ്രൊട്ടക്‌ഷന്‍ ഒഫ് ബേര്‍ഡ് റെഡ്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. വംശനാശം വരുന്ന ജീവികളെയാണ് റെഡ്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. കേരളത്തില്‍ നിന്നുള്ള പ്രകൃതി നിരീക്ഷകന്‍ സൈനുദീന്‍ പട്ടാഴിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അങ്ങാടിക്കുരുവികളെ റെഡ്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.
ആവാസ വ്യവസ്ഥയുടെ തകര്‍ച്ച, പുല്‍മേടുകളുടെ നശീകരണം, ഷഡ്‌പദങ്ങളുടെ അഭാവം, കീടനാശിനികളുടെ അമിതമായ ഉപയോഗം, അശാസ്‌ത്രീയമായ രീതിയിലുള്ള മൊബൈല്‍ ടവര്‍ നിര്‍മാണം എന്നിവയാണ് അങ്ങാടിക്കുരുവികള്‍ക്ക് വംശനാശം വരുവാന്‍ കാരണമായി ചൂണ്‌ടിക്കാണിക്കപ്പെടുന്നത്. മൊബൈല്‍ ടവറിന് സമീപം കൂടുകൂട്ടുന്ന അങ്ങാടിക്കുരുവികള്‍ ഒരാഴ്‌ചകൊണ്‌ട് കൂട് ഉപേക്ഷിച്ച് പോകുന്നതായി സൈനുദീന്‍ പട്ടാഴിയുടെ നിരീക്ഷണത്തില്‍ വ്യക്തമാകുകയുണ്‌ടായി.
അങ്ങാടി കുരുവികളുടെ മുട്ടകള്‍ വിരിയുന്നത് സാധാരണ രീതിയില്‍ പത്തുമുതല്‍ 14 ദിവസം വരെ വേണ്‌ടിവരും. എന്നാല്‍ മൊബൈല്‍ ടവറുകള്‍ക്ക് സമീപം കൂടുവച്ച് അതില്‍ നിക്ഷേപിച്ച ഇവയുടെ മുട്ടകള്‍ ഒരുമാസം കഴിഞ്ഞിട്ടും വിരിയുകയുണ്‌ടായില്ലെന്നും സൈനുദീന്‍ പട്ടാഴിയുടെ നിരീക്ഷണത്തില്‍ കണെ്‌ടത്തി. മാത്രമല്ല ചില മുട്ടകളില്‍ വിള്ളലുകളും കാണപ്പെട്ടു.
പക്ഷികളുടെ കൂട്ടത്തില്‍ മനുഷ്യരുമായി ഏറ്റവുമധികം ഇടപഴകിയിരുന്നവയാണ് അങ്ങാടിക്കുരുവികള്‍. പാടശേഖരങ്ങളിലെ കീടങ്ങളെ ഒരുപരിധിവരെ നിയന്ത്രിച്ചിരുന്നതും ഈ പക്ഷികളായിരുന്നു. മനുഷ്യവാസം കൂടുതലുള്ളിടത്താണ് കുരുവികളെ ഏറ്റവും അധികമായി കാണപ്പെട്ടിരുന്നത്.പരിസ്ഥിതിക്ക് മാറ്റം സംഭവിക്കുമ്പോള്‍ അത് മുന്‍കൂട്ടി മനസിലാക്കുന്നതിന് അങ്ങാടിക്കുരുവികളെ സൂചനയായി ഉപയോഗിക്കാമെന്ന് വിലയിരുത്തപ്പെടുന്നു. ഇവയ്‌ക്ക് വംശനാശം വന്നിരിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 20ന് അന്താരാഷ്‌ട്ര തലത്തില്‍ ലോക അങ്ങാടിക്കുരുവി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്‌ട്.
Discussion about this post