ന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊലക്കേസുമായി പോകാന്‍ കഴിയില്ലെന്ന് എന്‍ഐഎ. കേസിലെ നടപടി ക്രമങ്ങള്‍ സംബന്ധിച്ച് തിങ്കളാഴ്ച നടക്കുന്ന യോഗത്തില്‍ തീരുമാനമെടുക്കാനും എന്‍ഐഎ തീരുമാനിച്ചു. ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ ഏതെല്ലാം നിയമങ്ങള്‍ ചുമത്തണം എന്നതടക്കമുള്ള തീരുമാനങ്ങള്‍ നാളെ കൈക്കൊള്ളും. എന്‍ഐഎ ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊല കേസില്‍ ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. വധശിക്ഷ ലഭിക്കാവുന്ന സുവ നിയമം ഒഴിവാക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് എന്‍ഐഎ. കേസ് ഏറ്റെടുക്കുകയാണെങ്കില്‍ എന്‍ഐഎ ആക്ട് പ്രകാരം മാത്രമേ അന്വേഷിക്കൂ എന്ന നിലപാടാണ് ഏജന്‍സി സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കോടതിയില്‍ ആഭ്യന്തരമന്ത്രാലയം തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്നും കഴിഞ്ഞ ദിവസം ഏജന്‍സി ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള ആശയക്കുഴപ്പം നീക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. 60 ദിവസത്തിനകം കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍ഐഎക്ക് സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിരുന്നു.
Discussion about this post