ബംഗളൂരു: കെ. സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും. നിയമസഭാകക്ഷി യോഗത്തില്‍ സിദ്ധരാമയ്യക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചു. ഹൈക്കമാന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടാകും. സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. കോണ്‍ഗ്രസ് നേതാക്കളായ പ്രതിരോധമന്ത്രി എ.കെ. ആന്റണി, അംബികാസോണി, കര്‍ണാടകയുടെ ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി എന്നിവര്‍ കര്‍ണാടക നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.
കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം കര്‍ണാടക കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം പാസ്സാക്കിയതായി കേന്ദ്രമന്ത്രി കൂടിയായ വീരപ്പമൊയ്‌ലി അറിയിച്ചു. ഇതേസമയം പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് സിദ്ധരാമയ്യയെ ക്ഷണിച്ചു. ഭരണനിര്‍വ്വഹണം ശരിയായ ദിശയില്‍ കൊണ്ടുവരുകയാണ് തന്‍റെ മുന്നിലുള്ള പ്രഥമ വെല്ലുവിളിയെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.
സിദ്ധരാമയ്യക്ക് പുറമെ കേന്ദ്ര തൊഴില്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ മല്ലികാര്‍ജുന ഖാര്‍ഗെ, കേന്ദ്ര പെട്രോളിയം മന്ത്രി എം വീരപ്പ മൊയ്‌ലി, എഐസിസി നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നത്. എന്നാല്‍ ഭൂരിപക്ഷം എംഎല്‍എമാരും രേഖാമൂലം സിദ്ധരാമയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
പിന്നോക്ക വിഭാഗത്തില്‍പെട്ട കെ. സിദ്ധരാമയ്യ കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. ദക്ഷിണേന്ത്യയില്‍ ആദ്യം അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിനെ തൂത്തെറിഞ്ഞാണ് കര്‍ണാടകയില്‍ ഒമ്പത് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 223 സീറ്റുകളില്‍ 121 മണ്ഡലങ്ങളും ജയിച്ച് കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടി. നാല്‍പത് സീറ്റുകള്‍ വീതം നേടി ബിജെപിയും ജെഡിഎസ്സും ഒപ്പത്തിനൊപ്പമെത്തി. ബിജെപിക്ക്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ ജെഡിഎസ് വന്‍ മുന്നേറ്റമാണ് നടത്തിയത്.
Discussion about this post