ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം. 2000 ഓളം യുവമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പോലീസ് ടിയര്‍ ഗ്യാസും ജല പീരങ്കിയും പ്രയോഗിച്ചു.
അതേസമയം മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ച ചെയ്യുന്നതിനുള്ള കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്നേക്കും. ആരോപണ വിധേയരായ മന്ത്രിമാര്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവില്‍ പുതിയ മന്ത്രിമാരെ യോഗത്തില്‍ തീരുമാനിക്കും. നിലവില്‍ നിയമമന്ത്രാലയത്തിന്റെ അധികച്ചുമതല വഹിക്കുന്ന ടെലികോം മന്ത്രി കപില്‍ സിബലിന് ആ വകുപ്പ് തന്നെ നല്‍കും.
മല്ലികാര്‍ജുന ഖാര്‍ഗെയായിരിക്കും പുതിയ റയില്‍വേ മന്ത്രി. നിലവില്‍ ഉപരിതല ഗതാഗതമന്ത്രി സി.പി ജോഷിയാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്നത്. രണ്ട് മന്ത്രിമാരുടെയും വകുപ്പുമാറ്റത്തെ തുടര്‍ന്ന് മറ്റ് മന്ത്രാലയങ്ങളിലും അഴിച്ചുപണി ഉണ്ടായേക്കും. സഹമന്ത്രിസ്ഥാനം വഹിക്കുന്നവരെ ക്യാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. ഈ ആഴ്ച അവസാനമാകും മന്ത്രിസഭാ പുനസംഘടന.
Discussion about this post