കവരത്തി: ലക്ഷദ്വീപില്‍ ബോട്ട് മുങ്ങി ഒരു സ്ത്രീയും രണ്ട് കുട്ടികളുമടക്കം അഞ്ച് പേര്‍ മരിച്ചു. പത്ത് പേരെ കാണാതായി. നാല് പേര്‍ ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ബോട്ടില്‍ 27 പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. 21 പേരെ രക്ഷപ്പെടുത്തി.
കടമത്ത് ദ്വീപില്‍ രാവിലെ 9.30നാണ് സംഭവം. അല്‍ അമീന്‍ എന്ന സ്വകാര്യ ബോട്ടാണ് മുങ്ങിയത്. ലക്ഷദ്വീപ് ടൂറിസം പ്രമോഷന്‍ കൗണ്‍സിലിലെ ഉദ്യോഗസ്ഥമന്‍ മൂസ(45), മുഹമ്മദ് കോയ(50), സൈനബി(52) എന്നിവരും അഞ്ച് വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികളുമാണ് മരിച്ചത്. അമിനി ദ്വീപില്‍ നിന്ന് കടമത്ത് ദ്വീപിലേക്ക് വരുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
രക്ഷാപ്രവര്‍ത്തനത്തിനായി നേവിയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും ഹെലികോപ്റ്ററുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. എസ്.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അപകട സ്ഥലത്ത് എത്തി. ലക്ഷദ്വീപിലെ കൂടുതല്‍ ബോട്ടുകളോട് സംഭവ സ്ഥലത്തേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കടല്‍ ക്ഷോഭിക്കാനുള്ള സാധ്യത ഉള്ളത് കൊണ്ട് മെയ് 15ന് ശേഷം സ്പീഡ് ബോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ലക്ഷദ്വീപിന്റെ യാത്രാ ദുരിതങ്ങളെ ഒരിക്കല്‍കൂടി വിളിച്ചറിയിക്കുന്നതാണ് അപകടം.
Discussion about this post