തിരുവനന്തപുരം: കേരള പൊലീസിലേക്കു ബറ്റാലിയന്‍ അടിസ്‌ഥാനത്തില്‍ നിയമനം നടത്തുന്ന രീതിക്കു മാറ്റം വരുന്നു. ജനറല്‍ എക്‌സിക്യൂട്ടിവ് (ലോക്കല്‍ പൊലീസ്), ജില്ലാ ആംഡ് റിസര്‍വ് എന്നിവ യോജിപ്പിച്ചു കേരള സിവില്‍ പൊലീസ് എന്നാക്കി മാറ്റുന്നതിനു പിഎസ്‌സി യോഗം അനുമതി നല്‍കി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇതിനു പ്രാബല്യമുണ്ടാകും. ഇപ്പോള്‍ ബറ്റാലിയന്‍ അടിസ്‌ഥാനത്തില്‍ നിയമിക്കുന്ന പൊലീസുകാരെ പിന്നീട് എആര്‍ ക്യാംപിലേക്കും തുടര്‍ന്നു ലോക്കല്‍ പൊലീസിലേക്കും അയയ്‌ക്കുകയാണു ചെയ്യുന്നത്. ജോലി കിട്ടി 10-12 വര്‍ഷമെങ്കിലും ആകുമ്പോഴാണ് ഇവര്‍ ലോക്കല്‍ പൊലീസില്‍ എത്തുക.
ആദ്യകാലത്തു കാര്യമായ ജോലിയൊന്നുമില്ലാതെയിരിക്കുന്ന പൊലീസുകാര്‍ സീനിയറായി ലോക്കല്‍ പൊലീസില്‍ എത്തുമ്പോഴാണു ജോലിഭാരം കൂടുന്നത്. ഇതിനു മാറ്റം വരുത്തുന്നതിനും ചെറുപ്പക്കാരായ പൊലീസുകാരെ ലോക്കല്‍ പൊലീസില്‍ ലഭിക്കുന്നതിനുമാണു കേരള സിവില്‍ പൊലീസ് രൂപീകരണം. പൊലീസ് കോണ്‍സ്‌റ്റബിള്‍, ഹെഡ് കോണ്‍സ്‌റ്റബിള്‍, എഎസ്‌ഐ, എസ്‌ഐ കേഡറിലുള്ള തസ്‌തികകളാണു പൊതുവാക്കുന്നത്. പൊലീസ് നവീകരണത്തിന്റെ ഭാഗമായി പൊലീസിന് ഏകീകൃത സ്വഭാവം നല്‍കണമെന്നു വിദഗ്‌ധ സമിതി നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തിലാണു കേരള സിവില്‍ പൊലീസ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത് പിഎസ്‌സിയുടെ ഉപദേശം തേടിയത്. കേരള സിവില്‍ പൊലീസിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന പൊലീസുകാരെ പരിശീലനത്തിനു ശേഷം സര്‍ക്കാരിന്റെ ഇഷ്‌ടാനുസരണം ആവശ്യമുള്ള സ്‌ഥലങ്ങളില്‍ നിയോഗിക്കാം.
Discussion about this post