റായ്പുര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റുകള്‍ തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേലിന്റെയും മകന്‍ ദിനേശിന്റെയും മറ്റ് എട്ടു പേരുടെയും മൃതദേഹങ്ങള്‍ ഇന്നലെ ബസ്തറില്‍ കണ്ടെത്തി. വെടിയേറ്റ നിലയിലുള്ള മൃതദേഹങ്ങള്‍ ബസ്തറിലെ ജിറാം താഴ്വരയില്‍നിന്നാണ് ഒരുദിവസത്തിനുശേഷം കണ്ടെടുത്തത്. കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ടു മാവോയിസ്റുകള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. ഛത്തീസ്ഗഡിലെ ജഗദല്‍പുരില്‍ ദാര്‍ബഗാട്ടി താഴ്വരയില്‍ ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു മാവോയിസ്റ് ആക്രമണമുണ്ടായത്. കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര കര്‍മയും മുന്‍ എംഎല്‍എ ഉദയ് മുതലിയാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിവര്‍ത്തന്‍ റാലിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന നേതാക്കളുടെ സംഘത്തെ നക്സലുകള്‍ ആക്രമിക്കുകയായിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഇന്നലെ ഛത്തീസ്ഗഡ് സന്ദര്‍ശിച്ചു. നക്സലിസത്തിനു മുന്നില്‍ രാജ്യം തല കുനിക്കില്ലെന്നു കോണ്‍ഗ്രസ് ഭവനില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. പരിക്കേറ്റവരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു.
പരിക്കറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്കി. ഛത്തീസ്ഗഡിലുണ്ടായതു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരേയുള്ള ആക്രമണമല്ലെന്നും ജനാധിപത്യമൂല്യങ്ങള്‍ക്കു നേരേയുള്ള ആക്രമണമാണെന്നും പരിക്കേറ്റവരെ സന്ദര്‍ശിച്ചശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ശനിയാഴ്ച രാത്രിതന്നെ ഛത്തീസ്ഗഡിലെത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ ആക്രമണത്തില്‍ പരിക്കേറ്റ മുന്‍ കേന്ദ്രമന്ത്രി വി.സി. ശുക്ളയെ ഇന്നലെ രാവിലെ റായ്പുരില്‍നിന്നു വിമാനമാര്‍ഗം ഗുഡ്ഗാവിലെ മേഡാന്ത ആശുപത്രിയിലേക്കു കൊണ്ടുവന്നു. എണ്‍പത്തിനാലുകാരനായ ശുക്ളയുടെ നില ഗുരുതരമാണെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ജഗദല്‍പൂര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ശുക്ളയുടെ ശരീരത്തില്‍നിന്നു മൂന്നു വെടിയുണ്ടകള്‍ നീക്കം ചെയ്തിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, സോണിയ ഗാന്ധി, ബിജെപി നേതാവ് എല്‍.കെ. അഡ്വാനി എന്നിവര്‍ ഇന്നലെ ഗുഡ്ഗാവിലെ ആശുപത്രിയിലെത്തി ശുക്ളയെ സന്ദര്‍ശിച്ചു. ആന്റിമാവോയിസ്റ് കോബ്രാ കമാന്‍ഡോകളടക്കം 600 സിആര്‍പിഎഫ് ജവാന്‍മാരെ കേന്ദ്രം ഛത്തീസ്ഗഡില്‍ വിന്യസിച്ചു. മാവോയിസ്റ് ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തിയ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രത്തെ ഭയപ്പെടുത്തില്ലെന്നു പറഞ്ഞു. ഛത്തീസ്ഗഡിലെ സുരക്ഷാ സ്ഥിതിഗതികള്‍ സംബന്ധിച്ചു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗുമായി ചര്‍ച്ച നടത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരിന് സ്ഥിതിഗതികള്‍ നേരിടുന്നതിന് എല്ലാ സഹായങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്തു.












Discussion about this post