തിരുവനന്തപുരം: കേരളം ആതിഥ്യമരുളുന്ന ദേശീയ ഗയിംസിന്റെ ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്‍കി. ദേശീയ ഗയിംസ് ഏകോപനസമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തുചേര്‍ന്ന യോഗത്തിലാണ് ഈ നിര്‍ദ്ദേശം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ ഗയിംസിനായി ഒരുങ്ങുന്ന സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ച് നിര്‍മ്മാണ-നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ഏകോപനസമിതി അദ്ധ്യക്ഷന്‍ കെ.മുരുകന്റെ നേതൃത്വത്തിലുള്ള സംഘം തൃപ്തികരമായാണ് ഇവ പുരോഗമിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. ദേശീയ ഗയിംസ് തിയതി സംബന്ധിച്ച് വൈകാതെ പ്രഖ്യാപനമുണ്ടാവണമെന്ന് യോഗം തീരുമാനിച്ചു. കേരളത്തിലെ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും കാലാവസ്ഥയും പരിഗണിച്ചാവും തിയതിക്ക് അന്തിമതീരുമാനമുണ്ടാവുക. ഗയിംസിനാവശ്യമുള്ള സാങ്കേതിക-കായിക ഉപകരണങ്ങള്‍ വാങ്ങുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ ഗയിംസ് ഏകോപന സമിതി അദ്ധ്യക്ഷന്‍ കെ.മുരുകന്‍, അംഗങ്ങളായ രാകേഷ് ഗുപ്ത, എസ്.എം.ബാലി, പി.എ.ഹംസ, ഗയിംസ് സി.ഇ.ഒ ജേക്കബ് പുന്നൂസ്, കോ-ഓഡിനേറ്റര്‍ അനില്‍ കുമാര്‍, പ്രോജക്ട് ഓഫീസര്‍ മുഹമ്മദ് ഇസ്മായില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, കായികവകുപ്പ് ഡയറക്ടര്‍ അമിത് മലിക് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post