ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിസിസിഐയുടെ അടിയന്തര യോഗം ഞായറാഴ്ച ചെന്നൈയില്‍ ചേരും. നേരത്തേ ജൂണ്‍ എട്ടിനാണ് യോഗം നിശ്ചയിച്ചിരുന്നത്. ഇതോടെ ശ്രീനിവാസന്‍ രാജി വയ്ക്കുമെന്നാണ് സൂചന. ബോര്‍ഡിലെ അംഗങ്ങള്‍ രാജി ആവശ്യം ശക്തമാക്കിയതോടെയാണ് ശ്രീനിവാസനു മുന്നില്‍ മറ്റു മാര്‍ഗങ്ങള്‍ അടയുകയായിരുന്നു. 24 മണിക്കൂറിനുള്ളില്‍ ചില നിര്‍ണായകമായ വാര്‍ത്തകള്‍ കേള്‍ക്കാമെന്ന് ശനിയാഴ്ച രാവിലെ വൈസ് പ്രസിഡന്റ് കൂടിയായ അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീനിവാസന്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്. വെള്ളിയാഴ്ച സെക്രട്ടറി സഞ്ജയ് ജഗ്ദാലെയും ട്രഷറര്‍ അജയ് ഷിര്‍ക്കെയും രാജിവച്ചതോടെ ശ്രീനിവാസന്റെ കാര്യം പരുങ്ങലിലായിരുന്നു. തുടര്‍ന്നും അധികാരത്തില്‍ തുടരാനാണ് പ്രസിഡന്റിന്റെ തീരുമാനമെങ്കില്‍ രാജിവയ്ക്കുമെന്ന് ബോര്‍ഡിലെ അഞ്ചു വൈസ് പ്രസിഡന്റുമാര്‍ ഭീഷണി മുഴക്കിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ‘ഒന്നുകില്‍ നിങ്ങള്‍ രാജിവയ്ക്കുക, അല്ലെങ്കില്‍ ഞങ്ങള്‍ പോകാം’ എന്ന് വൈസ് പ്രസിഡന്റുമാര്‍ ശ്രീനിവാസനോടു പറഞ്ഞതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെയാണ് ശ്രീനിവാസന്റെ രാജിക്കായി മുറവിളി ഉയര്‍ന്നത്.












Discussion about this post