ന്യുഡല്‍ഹി: പോലീസ് സ്‌റ്റേഷനുകളില്‍ പരാതി ലഭിച്ചിട്ടും കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തടവ് ശിക്ഷ ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനല്‍ നിയമം ഭേദഗതി ചെയ്തപ്പോള്‍ ഉള്‍പ്പെടുത്തിയ വ്യവസ്ഥ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അനാസ്ഥ കാണിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
കുടുതല്‍ ഗൗരവമായ കേസുകളില്‍ പോലീസുകാരില്‍ നിന്നും പിഴ ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. കേസിന്‍റെ അന്വേഷണ പുരോഗതിയില്‍ വേണ്ടി വന്നാല്‍ എഫ്ഐആറില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.
പോലീസ് സ്‌റ്റേഷനുകളില്‍ പരാതി ലഭിക്കുമ്പോള്‍ സ്‌റ്റേഷന്‍ അതിര്‍ത്തികളുടെയും അധികാര തര്‍ക്കങ്ങളുടെയും പേരില്‍ എഫഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വൈകിപ്പിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച അറിയിപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. എഫ്‌ഐആര്‍ വൈകിപ്പിക്കുന്നത് ഇരകളെ പ്രതികൂലമായി ബാധിക്കും. കുറ്റവാളികളായവര്‍ക്ക് രക്ഷപ്പെടാന്‍ ഇത് പഴുതാകുമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.
ഡല്‍ഹി പീഡനവുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിരുന്നെങ്കിലും അധികാര തര്‍ക്കത്തിന്റെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് പോലീസ് വൈകിപ്പിച്ചിരുന്നു. സമാനമായ പരാതികള്‍ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് പരാതിക്കാര്‍ക്ക് സഹായകരമായേക്കാവുന്ന നടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post