കൊച്ചി: മുന്‍ മന്ത്രിയും എംപിയുമായിരുന്ന ലോനപ്പന്‍ നമ്പാടന്‍ (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1980, 87 വര്‍ഷങ്ങളിലെ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. മൂന്ന് തവണ വീതം കൊടകര, ഇരിങ്ങാലക്കുട മണ്ഡലങ്ങളില്‍ നിന്നും നിയമസഭാംഗമായി. 2004-ല്‍ സിപിഎം സ്ഥാനാര്‍ഥിയായി മുകുന്ദപുരം ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ എത്തി. പത്മജ വേണുഗോപാലിനെ 1,17,000 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് അദ്ദേഹം എംപിയായത്. 1935 നവംബര്‍ 13-ന് ചാലക്കുടിക്കടുത്ത് പേരാമ്പ്ര മാളിയേക്കല്‍ നമ്പാടന്‍വീട്ടില്‍ കുരിയപ്പന്റെയും പ്ളമേനയുടെയും മകനായാണ് ലോനപ്പന്റെ ജനനം.
വിദ്യാഭ്യാസത്തിന് ശേഷം തൃശൂര്‍ പേരാമ്പ്ര സെന്റ് ആന്റണീസ് യുപി സ്കൂളിലെ അധ്യാപകനായി പ്രവര്‍ത്തിച്ചു. അധ്യാപകനായിരുന്നപ്പോഴാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി 1963-ല്‍ കൊടകര പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ച് രാഷ്ട്രീയത്തില്‍ എത്തിയത്. തുടര്‍ന്ന് 1964-ല്‍ കേരള കോണ്‍ഗ്രസ് രൂപീകൃതമായപ്പോള്‍ അതില്‍ ചേര്‍ന്നു. 1965-ല്‍ കൊടകര നിയോജക മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1977-ല്‍ കൊടകരയില്‍ നിന്നും തന്നെ നിയമസഭയിലെത്തി. പിന്നെ തുടര്‍ച്ചയായി കൊടകര, ഇരിഞ്ഞാലക്കുട മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് 25 വര്‍ഷം എംഎല്‍എയായി. ഇതിനിടെയാണ് രണ്ടു തവണ മന്ത്രിയായത്. കേരളാ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന നമ്പാടന്റെ കൂറുമാറ്റത്തെ തുടര്‍ന്നാണ് 1982-ലെ കരുണാകരന്‍ മന്ത്രിസഭ താഴെവീണത്. സ്പീക്കറുടെ കാസ്റിംഗ് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രം തൂങ്ങിനിന്ന മന്ത്രിസഭ നമ്പാടന്‍ മറുകണ്ടം ചാടിയതോടെ വീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഇടതുപക്ഷസഹയാത്രികനായിരുന്നു. 1980 ല്‍ കേരളാ കോണ്‍ഗ്രസ് ഇടതുപക്ഷത്തായിരുന്നപ്പോള്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചും 1987 ല്‍ ഇടതുപക്ഷ എംഎല്‍എയായും അദ്ദേഹം നായനാര്‍ മന്ത്രിസഭകളില്‍ അംഗമായി. 80 ല്‍ ഗതാഗത വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. ഈ സന്ദര്‍ഭത്തില്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1987 ല്‍ അദ്ദേഹം ഭവനനിര്‍മാണ മന്ത്രിയായി. അധ്യാപകന്‍, കര്‍ഷകന്‍, ജനപ്രതിനിധി, മന്ത്രി തുടങ്ങിയ നിലകളില്‍ മാത്രമല്ല അദ്ദേഹം കഴിവ് തെളിയിച്ചത്. 27 നാടകങ്ങളിലും മൂന്നു ചലചിത്രങ്ങളിലും അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ കക്ഷിഭേദമില്ലാതെ വിവിധ നേതാക്കളുമായി സൌഹൃദം പുലര്‍ത്തിയിരുന്ന ലോനപ്പന്‍ നമ്പാടന്റെ നിയമസഭയിലെയും പുറത്തെയും നര്‍മപ്രയോഗവും നര്‍മം കലര്‍ത്തിയുള്ള പ്രസംഗങ്ങളും ഏറെ പ്രസിദ്ധമായിരുന്നു. അധ്യാപികയായിരുന്ന ആനിയാണ് ഭാര്യ. സ്റ്റീഫന്‍ (ഇരിങ്ങാലക്കുട ടൌണ്‍ സഹകരണ ബാങ്ക്), ഷേര്‍ലി (അധ്യാപിക), ഷീല എന്നിവരാണ് മക്കള്‍. വൃക്കരോഗം കലശലായതിനെ തുടര്‍ന്ന് ഡയാലിസിസിനും ചികിത്സയ്ക്കുമായി കുറച്ചുകാലമായി എറണാകുളത്ത് ഇടപ്പള്ളിയിലായിരുന്നു താമസിച്ചിരുന്നത്. എറണാകുളത്തും തൃശൂരും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വ്യാഴാഴ്ച ഉച്ചയോടെ തൃശൂര്‍ പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളിയിലാകും സംസ്കാരം.
Discussion about this post