ന്യൂഡല്‍ഹി: ഐപിഎല്‍ കോഴക്കേസില്‍ എസ്.ശ്രീശാന്ത് അടക്കമുള്ള 18 പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഡല്‍ഹിയിലെ സാകേത് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശ്രീശാന്ത് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദം കോടതി തള്ളി. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. വാതുവെയ്പ്പ് കേസില്‍ അറസ്റിലായ ശ്രീശാന്ത് അടക്കമുള്ള പ്രതികള്‍ക്കെതിരേ മക്കോക നിയമം ചുമത്തിയ ഡല്‍ഹി പോലീസ് നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. മക്കോക നിയമം ചുമത്താന്‍ എന്ത് തെളിവാണുള്ളതെന്നും ഒണ്‍ലൈന്‍ വഴി വാതുവയ്പ്പ് നടത്തുന്ന എല്ലാവര്‍ക്കുമെതിരേ ഈ നിയമം ചുമത്തുമോയെന്നും കോടതി ചോദിച്ചു. ശ്രീശാന്ത് എന്ത് നിയമവിരുദ്ധ പ്രവര്‍ത്തിയാണ് നടത്തിയത്. മക്കോക നിയമം ചുമത്തിയ ഡല്‍ഹി പോലീസ് നടപടി കടുത്ത നിയമലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ ശ്രീശാന്തിനെതിരേ എന്ത് തെളിവ് ഹാജരാക്കാന്‍ കഴിയുമെന്ന് പോലീസിനോട് കോടതി ചോദിച്ചു.
അറസ്റിലായി ഒരു മാസം കഴിഞ്ഞിട്ടും ഫോണ്‍ ചോര്‍ത്തിയ രേഖകള്‍ മാത്രമാണ് ഡല്‍ഹി പോലീസിന് കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞത്. ശ്രീശാന്തും സുഹൃത്ത് ജിജു ജനാര്‍ദ്ദനും തമ്മില്‍ സംസാരിച്ച ഫോണ്‍ സംഭാഷണങ്ങളാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ കോഴയുമായി ബന്ധപ്പെട്ട് ഒരു സംസാരവുമില്ലെന്നും കോടതിക്ക് ബോധ്യപ്പെട്ടു. തെളുവുകള്‍ സംബന്ധിച്ച കോടതിയുടെ ചോദ്യത്തിന് പ്രോസിക്യൂഷന്‍ വ്യക്തമായ മറുപടി നല്‍കിയതുമില്ല. കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ടതിനാലാണ് മക്കോക നിയമം ചുമത്തിയതെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് ഈ വകുപ്പല്ല ചേര്‍ക്കേണ്ടതെന്നു കോടതി നിരീക്ഷിച്ചു. കേസില്‍ അറസ്റിലായ ശ്രീശാന്തിന് 26 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ശ്രീ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. കേസില്‍ ഈ മാസം നാലിനാണ് ഡല്‍ഹി പോലീസ് ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരേ മക്കോക ചുമത്തിയത്. മക്കോക ചുമത്തിയ നടപടിക്കെതിരേ വിവിധ കോണുകളില്‍ നിന്നും കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു. മേയ് 15-ന് അര്‍ധ രാത്രി മുംബൈയില്‍ നിന്നാണ് ശ്രീശാന്തിനെയും സുഹൃത്ത് ജിജുവിനെയും ഡല്‍ഹി പോലീസ് അറസ്റ് ചെയ്തത്. ഐപിഎല്‍ മത്സരങ്ങളില്‍ ഒത്തുകളി നടത്തിയതിനായിരുന്നു അറസ്റ്. തുടര്‍ന്ന് അടുത്ത ദിവസം രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ അങ്കിത് ചവാനും അജിത് ചാണ്ഡിലയും അറസ്റിലായി.
Discussion about this post