ശ്രീനഗര്‍/ഇസ്ലാമാബാദ്: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് കാശ്മീരിലെ ഇന്ത്യന്‍ പോസ്റ്റിനുനേരെ വീണ്ടും പാകിസ്താന്‍ സൈന്യത്തിന്റെ ആക്രമണം. പൂഞ്ച് സെക്ടറില്‍പ്പെട്ട കൃഷ്ണഘട്ടിലെ നാംഗിതിക്രി മേഖലയിലാണ് ഇന്ത്യന്‍ പോസ്റ്റിനുനേരെ പാക് സേന വെടിയുതിര്‍ത്തത്.
ഇതിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് ജെറ്റ് വിമാനങ്ങള്‍ പാകിസ്താന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് ഏഴുകിലോമീറ്ററോളം ഉള്ളിലേക്ക് പറന്നതായി പാക് അധികൃതര്‍ കുറ്റപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയില്‍ വ്യോമാതിര്‍ത്തി ലംഘിച്ചെന്നാണ് ആരോപണം. എന്നാല്‍ ഇന്ത്യന്‍ വ്യോമസേന ഇത് നിഷേധിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി എട്ടോടെയാണ് പൂഞ്ചില്‍ ഇന്ത്യന്‍ സൈനികപോസ്റ്റിനു നേരെ വെടിവെപ്പുനടന്നത്. ഇത് പത്തു മിനിറ്റോളം നീണ്ടതായി പ്രതിരോധവക്താവ് എസ്.എന്‍. ആചാര്യ പറഞ്ഞു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. നിയന്ത്രണരേഖയിലുള്ള ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയില്ലെന്നും അദ്ദേഹം അറിയിച്ചു.
നാലു ദിവസത്തിനിടെ രണ്ടാം തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. വെള്ളിയാഴ്ച പൂഞ്ച് മേഖലയില്‍ പാക്‌സൈന്യം നടത്തിയ വെടിവെപ്പിലും റോക്കറ്റ് ആക്രമണത്തിലും ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞമാസവും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയുണ്ടായി.
Discussion about this post