കൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ കൊട്ടാരക്കര കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആദ്യ ഭാര്യ രശ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കേസിലാണ് ബിജുവിനെ കോടതിയില്‍ ഹാജരാക്കിയത്. ബിജുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. റിമാന്‍ഡ് ചെയ്ത ബിജുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോയി. ബിജുവിനെ ഹാജരാക്കുന്ന സമയത്ത് കോടതി പരിസരത്ത് യുവജന സംഘടനകള്‍ പ്രതിഷേധിച്ചു. ബിജുവിന് നേരേ ചെരിപ്പേറുമുണ്ടായി. കേസുമായി ബന്ധപ്പെട്ട് ബിജുവിന്റെ അമ്മ രാജമ്മാളിനെ അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്. അതിനിടെ മുന്‍മന്ത്രിയും എംഎല്‍എയുമായ ഗണേഷ് കുമാറിനെതിരേ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഗണേഷും സരിതയും തമ്മിലുള്ള ബന്ധമാണ് തന്റെ ബിസിനസ് തകര്‍ത്തത്. ഗണേഷുമായുള്ള സരിതയുടെ ഫോണ്‍ സംഭാഷണം ചോദ്യം ചെയ്തതാണ് താനും സരിതയും തമ്മില്‍ അകലാന്‍ കാരണമെന്നും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്.
Discussion about this post